പാലക്കാട് നാലുവയസുകാരിയെ ചാക്കില്‍ക്കെട്ടി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം; തമിഴ്‌നാട്ടില്‍ നിന്നുള്ള ഭിക്ഷാടന സംഘം പിടിയില്‍
കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപം ഉപേക്ഷിച്ചു.
പാലക്കാട്: ഒലവക്കോട് നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഭിക്ഷാടന സംഘത്തെയാണ് പോലിസ് പിടികൂടിയത്. തമിഴ്‌നാട് തിരുവള്ളുവര്‍ സ്വദേശി സുരേഷ്, തഞ്ചാവൂര്‍ സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെയാണ് തിരുപ്പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പോലിസ് പിടികൂടിയത്. ജനുവരി 12ന് രാത്രി സംഘത്തിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ ചേര്‍ന്നാണ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചത്. നിലവിളിച്ച പെണ്‍കുട്ടിയെ ഇരുവരും ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനു സമീപം ഉപേക്ഷിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് ഒലവക്കോട് റയില്‍വേ സ്‌റ്റേഷന് സമീപം മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ഭിക്ഷാടന സംഘമാണെന്നു പോലിസിനു സൂചന ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പ്രതികള്‍ പോലിസിനോട് സമ്മതിച്ചു. പിടിയിലായ സുരേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരേ പോലിസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.