കലക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ടുകോടി തട്ടിയെടുത്തു; ട്രഷറി ഉദ്യോഗസ്ഥനെതിരേ അന്വേഷണം
ജോലിയിൽ നിന്നും മാസങ്ങൾക്കു മുൻപ് പിരിഞ്ഞു പോയ ഉദ്യോഗസ്ഥന്റെ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണ് പണം തട്ടിയത്.
തിരുവനന്തപുരം: ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസർ പരാതി നൽകി. വഞ്ചിയൂർ സബ് ട്രഷറിയിലെ അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
ജോലിയിൽ നിന്നും മാസങ്ങൾക്കു മുൻപ് പിരിഞ്ഞു പോയ ഉദ്യോഗസ്ഥന്റെ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണ് പണം തട്ടിയത്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റാണ് രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ട്രഷറി ഉദ്യോഗസ്ഥൻ പറഞ്ഞു.
മെയ് 31-ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർനെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജീവനക്കാരൻ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. വിരമിച്ചയാളുടെ പാസ് വേഡ് കൈക്കലാക്കി ട്രഷറിയിലെ ജീവനക്കാരൻ തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. ശേഷം ഇടപാടിന്റെ വിശദാംശങ്ങൾ ഡിലീറ്റ് ചെയ്തു. എന്നാൽ ട്രഷറിയിലെ ഡേ ബുക്കിൽ തുകയിലെ വ്യത്യാസം കണ്ടതോടെയാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
ജൂലായ് 27-നാണ് സബ് ട്രഷറിയിലെ ജീവനക്കാരൻ പണം തട്ടിയതെന്നാണ് വിവരം. സംഭവത്തിൽ സബ് ട്രഷറി ഓഫീസർ ട്രഷറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേരത്തെയും ഇതുപോലെ പണം തട്ടിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരേ ഉടൻ വകുപ്പ് തല നടപടിയും സ്വീകരിക്കും.