തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരേ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍നിന്ന് പാളയം- വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയായിരിക്കും തിരുവനന്തപുരത്തെ സമരം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്യുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡിസിസികളുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കും.
കൊച്ചിയില്‍ വഴിതടഞ്ഞുള്ള സമരം വിവാദമായ പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവാത്ത രീതിയിലായിരിക്കും സമരം നടത്തുക. ഇന്ധന നികുതി കുറയ്ക്കാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ചുകൂടിയാണ് സമരം. സെക്രട്ടേറിയറ്റിന് മുന്നില്‍നിന്ന് സ്‌പെന്‍സര്‍ ജങ്ഷന്‍വരെ തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം നിയോജകമണ്ഡലങ്ങളിലെയും സ്‌പെന്‍സര്‍ ജങ്ഷന്‍ മുതല്‍ പാളയം യുദ്ധസ്മാരകം വരെ നേമം, നെയ്യാറ്റിന്‍കര നിയോജകമണ്ഡലങ്ങളിലെയും യുദ്ധസ്മാരകം മുതല്‍ മ്യൂസിയം വരെ കഴക്കൂട്ടം, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ നിയോജകമണ്ഡലങ്ങളിലെയും മ്യൂസിയം മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന് മുന്‍വശംവരെ വട്ടിയൂര്‍ക്കാവ്, വര്‍ക്കല, നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയോജകമണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കും.
ഇവരോടൊപ്പം പാര്‍ട്ടിയുടെ പോഷകസംഘടനകളുടെയും സെല്ലുകളുടെയും പ്രവര്‍ത്തകരും അണിചേരും. ആംബുലന്‍സിനും പൊതുജനങ്ങള്‍ക്കം കടന്നുപോവാന്‍ സൗകര്യമൊരുക്കുമെന്ന് പാലോട് രവി വ്യക്തമാക്കി. സെക്രട്ടേറിയറ്റ്, പാളയം, മ്യൂസിയം, കെല്‍ട്രോണ്‍ ജംഗ്ഷന്‍, വെള്ളയമ്പലം, രാജ്ഭവന്‍ എന്നിവിടങ്ങളില്‍ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള സമരവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഭ്യര്‍ഥിച്ചു. കൊച്ചിയില്‍ സമരത്തിനിടെയുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാവും പ്രതിഷേധം. പ്രക്ഷോഭം ജനകീയ സമരമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.