ഇന്ധന വില വര്‍ധനവ്: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുന്നു: എസ്ഡിടിയു
ഇന്ധനവില വര്‍ധനവിനെതിരെ എസ്ഡിടിയു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ബിഎസ് എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു
കൊച്ചി: ഇന്ധന വില ദിവസവും വര്‍ധിപ്പിച്ച് സാധാരണക്കാരുടെ നടുവൊടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് എസ്ഡിടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ്.എസ്ഡിടിയു എറണാകുളം ജില്ലാ കമ്മിറ്റി ഇന്ധനവില വര്‍ധനവിനെതിരെ എറണാകുളം ബിഎസ് എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോള്‍ വില നൂറു രൂപയിലേക്ക് ഉയര്‍ന്ന സാഹചര്യം അതീവ ഗുരുതരമാണെന്നും കോര്‍പറേറ്റ് കമ്പനികളെ ഉപയോഗിച്ച് ബിജെപി ജനങ്ങളുടെ പണം ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ധന വിലക്കൊപ്പം പാചകവാതക വിലയും വര്‍ധിപ്പിക്കുന്ന എണ്ണകമ്പനികള്‍ കൊള്ളക്കാരെ പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്. ഇന്ധന വില നിര്‍ണായധികാരം എണ്ണ കമ്പനികളില്‍ നിന്ന് എടുത്ത് മാറ്റിയാലേ ഇതിന് പരിഹാരമുണ്ടാകൂ. പ്രതിപക്ഷ പാര്‍ട്ടികളും സംഘടിത അസംഘടിത തൊഴിലാളികളും സംയുക്തമായ സമരത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം വഞ്ചി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ജ്വാലയോടെ സമാപിച്ചു.എസ്ഡിടിയു ജില്ലാ പ്രസിഡന്റ്് വി എ റഷീദ് അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി സുധീര്‍ എലൂക്കര,എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് സലാം എരമം, ഖജാന്‍ജി നിഷാദ് പറവൂര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് വിടാക്കുഴ, ഷാജഹാന്‍ വാഴക്കാല, സജി വാഴക്കുളം സംസാരിച്ചു.