ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

Update: 2021-06-26 03:37 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. തിരുവനന്തപുരം നഗരത്തിലും കാസര്‍കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.15 രൂപയും ഡീസലിന് 95.99 രൂപയുമാണ് വില. കാസര്‍കോട് പെട്രോളിന് 100.16 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 98.21 രൂപയും ഡീസലിന് 95.16 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 98.58 രൂപയും ഡീസലിന് 93.80 രൂപയുമാണ് വില. 132 ദിവസം കൊണ്ടാണു 90 രൂപയില്‍നിന്നു പെട്രോള്‍ വില നൂറിലേക്കു കുതിച്ചെത്തിയത്.

കഴിഞ്ഞ 56 ദിവസത്തിനിടെ 32 തവണ വില വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സാദാ പെട്രോള്‍ വില നൂറുകടന്നിട്ടുണ്ട്. പ്രീമിയം പെട്രോളിനു പിന്നാലെയാണു സാദാ പെട്രോളും സെഞ്ച്വറി കടന്നത്. കഴിഞ്ഞ മാസം 31നു സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരത്ത് പ്രമീയം പെട്രോള്‍ വില നൂറ് കടന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പു ദിവസങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവില, ഫലം പുറത്തുവന്ന തിനു പിന്നാലെ കുതിപ്പ് ആരംഭിക്കുകയായിരുന്നു.

ക്രൂഡ് ഓയില്‍ വിലവര്‍ധന ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നതെങ്കിലും ക്രൂഡ് ഓയില്‍ വില കുത്തനെ താഴ്ന്ന സമയങ്ങളില്‍ ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറായിരുന്നില്ല. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാനും തയ്യാറല്ല. കേന്ദ്ര നികുതി 37 ശതമാനവും സംസ്ഥാന നികുതി 23 ശതമാനവുമാണ്. ഡീലര്‍മാര്‍ക്കു ലഭിക്കുന്ന കമ്മീഷന്‍ നാലുശതമാനം.

Tags:    

Similar News