ദുരിതാശ്വാസ ക്യാംപില്‍ പിരിവ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ആലപ്പുഴ: ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടിയവരില്‍ നിന്നും പണം പിരിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയിലാണ് വഞ്ചനാകുറ്റത്തിനു അര്‍ത്തുങ്കല്‍ പോലിസ് കേസെടുത്തത്.
ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാംപിലാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കാനും ക്യാംപിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നെടുത്ത വൈദ്യുതിക്കായും പിരിവ് നല്‍കണമെന്നുമായിരുന്നു ഓമനക്കുട്ടന്‍ ക്യാംപിലുള്ളവരോട് പറഞ്ഞിരുന്നത്. സംഭവം വിവാദമായതോടെ ഓമനക്കുട്ടനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നായിരുന്നു ഓമനക്കുട്ടന്റെ വിശദീകരണം. എന്നാല്‍ ക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ചേര്‍ത്തല തഹസില്‍ദാര്‍ വ്യക്തമാക്കി.