ജി സുകുമാരന്‍നായര്‍ വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
2019-20 വര്‍ഷത്തെ ഭരണറിപോര്‍ട്ടും 2020-21 വര്‍ഷത്തെ 131 കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റും യോഗം അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.
കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍നായര്‍ തുടരും. ട്രഷറര്‍ സ്ഥാനത്തേക്ക് ഡോ. എം ശശികുമാര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിരോധനിബന്ധനകള്‍ പാലിച്ച് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം കേന്ദ്രമാക്കിയും 60 താലൂക്ക് യൂനിയനുകളെ ബന്ധപ്പെടുത്തിയുമുള്ള വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 2019-20 വര്‍ഷത്തെ ഭരണറിപോര്‍ട്ടും 2020-21 വര്‍ഷത്തെ 131 കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റും യോഗം അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഡയറക്ടര്‍ ബോര്‍ഡില്‍ ഒഴിവുവന്ന 9 സ്ഥാനങ്ങളിലേക്ക് ജി സുകുമാരന്‍ നായര്‍ (ചങ്ങനാശ്ശേരി), കലഞ്ഞൂര്‍ മധു (അടൂര്‍), എന്‍ വി അയ്യപ്പന്‍പിള്ള (കരുനാഗപ്പള്ളി), ചിതറ എസ് രാധാകൃഷ്ണന്‍നായര്‍ (ചടയമംഗലം), കെ കെ പത്മനാഭപിള്ള (അമ്പലപ്പുഴ), വി എ ബാബുരാജ് (നെടുമങ്ങാട്), ആര്‍ ബാലകൃഷ്ണപിള്ള (പത്തനാപുരം), ജി തങ്കപ്പന്‍പിള്ള (കൊട്ടാരക്കര), കോട്ടുകാല്‍ കൃഷ്ണകുമാര്‍ (നെയ്യാറ്റിന്‍കര) എന്നിവരെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു. ആകെയുള്ള 284 പ്രതിനിധികളില്‍ 267 പേര്‍ വിവിധ താലൂക്ക് യൂനിയനുകളിലുള്ള സെന്ററുകളില്‍നിന്ന് ഓണ്‍ലൈനായി കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തില്‍ പങ്കെടുത്തു.