ഒമ്പത് കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
പ്രതികളില്‍ ഒരാള്‍ ആന്ധ്രയില്‍ നടത്തിയിരുന്ന ഹോട്ടല്‍ ബിസിനസ്സ് നഷ്ടത്തിലായതിനെ തുടര്‍ന്ന് കഞ്ചാവുമായി നാട്ടിലേക്ക് വരികയായിരുന്നു.
പയ്യോളി: തിക്കോടി ചിങ്ങപുരത്ത് നിന്ന് 9 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മൂടാടി ചിങ്ങപുരം സ്വദേശി ഉണ്ണിയത്തുകണ്ടി ഷാമില്‍ മുഹമ്മദ് (28), മൂടാടി ചിങ്ങപുരം ചെറുവോട്ട് മുജീബ് സി (41), മൂടാടി അമ്പച്ചിക്കാട്ടില്‍ ഷബീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബുവിന്റെ നേതൃത്വത്തില്‍ എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗമായ ഷിജു മോന്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പേരാമ്പ്ര എക്‌സൈസ് സംഘവും കോഴിക്കോട് എക്‌സൈസ് ഇന്റ്‌ലിജന്‍സ് സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതികളില്‍ നിന്നും 9 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കടത്താന്‍ ഉപയോഗിച്ച കെ എല്‍ 56 ക്യു 9263 നമ്പര്‍ ബുള്ളറ്റ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പ്രതികളില്‍ ഒരാള്‍ ആന്ധ്രയില്‍ നടത്തിയിരുന്ന ഹോട്ടല്‍ ബിസിനസ്സ് നഷ്ടത്തിലായതിനെ തുടര്‍ന്ന് കഞ്ചാവുമായി നാട്ടിലേക്ക് വരികയായിരുന്നു.
ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ നിന്നും കടത്തിക്കൊണ്ട് വന്നതാണെന്നും ലോക്ക് ഡൌണ്‍ സമയത്ത് കൊയിലാണ്ടി, കോഴിക്കോട് നഗരങ്ങളില്‍ വില്‍പ്പനക്കായി എത്തിച്ചതാണെന്നും ചോദ്യം ചെയ്തതില്‍ പ്രതികള്‍ പറഞ്ഞു. പ്രതികളെ കൊയിലാണ്ടി ജെ എഫ് സി എം കോടതി റിമാന്‍ഡ് ചെയ്തു.
പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ശരത് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കോഴിക്കോട് ഇന്റ്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്, കമ്മീഷണര്‍ സ്‌ക്വാഡ് അംഗം ഷിജുമോന്‍ ടി, പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ കെ കെ ബാബു രാജ്, പ്രിവന്റീവ് ഓഫിസര്‍ എന്‍ അജയകുമാര്‍, ഇന്റലിജന്‍സ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ വി പ്രജിത്ത്, ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത് സി കെ എന്നിവരും ഉണ്ടായിരുന്നു.