ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ചെര്‍പ്പുളശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സമീര്‍ എസി ന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 1.158 കിലോഗ്രാം കഞ്ചാവുമായി കൈലിയാട് കുന്നപ്പുള്ളി വീട്ടില്‍ മുഹമ്മദ് അഷ്‌റഫ് ( 39) എന്നയാളെ പിടികൂടി.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറും എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറച്ചു മാസങ്ങളായി ചെറിയ പാക്കറ്റുകളിലാക്കി കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു. ചളവറ, കൈലിയാട് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന വ്യാപകമാണെന്ന് പരാതി ലഭിച്ചതില്‍ ദിവസങ്ങളായി എക്‌സൈസ് ഷാഡോ സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. എക്‌സൈസ് സംഘത്തിന്റെ പരിശോധന കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ അര ലക്ഷത്തോളം വിലവരും എന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ഒറ്റപ്പാലം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫിസര്‍ ശിവശങ്കരന്‍, മുഹമ്മദ് മുസ്തഫ, സിഇഒമാരായ ജയപ്രകാശ്, ശ്രീകുമാര്‍ വാക്കട, കെ പി രാജേഷ് ഡ്രൈവര്‍ സാജിര്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.