കൊച്ചിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സംയോജിത ഗതാഗത സംവിധാനത്തിനും ഊന്നല്‍ നല്‍കണം :ചീഫ് സെക്രട്ടറി

ഖര, ദ്രവ, സെപ്‌റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി വികേന്ദ്രീകൃതമായി പ്ലാന്റുകള്‍ സ്ഥാപിക്കണം.ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാക്കണം

Update: 2022-07-09 12:08 GMT

കൊച്ചി: മാലിന്യ നിര്‍മാര്‍ജ്ജനത്തിനും സംയോജിത ഗതാഗത സംവിധാനത്തിനും ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ വിശാലകൊച്ചി മേഖലയില്‍ അടിയന്തരമായി നടപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്. വിശാല കൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യും സര്‍ക്കാര്‍ വകുപ്പുകളും നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനത്തിനായി ജിസിഡിഎയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖര, ദ്രവ, സെപ്‌റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി വികേന്ദ്രീകൃതമായി പ്ലാന്റുകള്‍ സ്ഥാപിക്കണം. ഇക്കാര്യത്തില്‍ പണം പ്രശ്‌നമാകില്ല. ഡ്രെയിനേജ് സംവിധാനവും കാര്യക്ഷമമാക്കണം. സംയോജിത രീതിയിലുള്ള ഗതാഗത (ഇന്റഗ്രേറ്റഡ് ട്രാഫിക്) സംവിധാനം വഴി നഗരത്തിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനും പുറത്ത് കടക്കാനുമുള്ള സാഹചര്യം ഒരുക്കണം. ട്രെയിന്‍, ബസ്, മെട്രോ, വാട്ടര്‍ മെട്രോ, മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ ഇവയെ എല്ലാം പരസ്പരം ബന്ധിപ്പിച്ചാല്‍ ജനങ്ങള്‍ക്കത് ഏറെ ഉപകാരപ്രദമാകും. അതുവഴി യാത്ര സുഗമമാക്കാന്‍ സാധിക്കും.

കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതകളും സൈക്കിള്‍ യാത്രികര്‍ക്കായി സൈക്കിള്‍ പാതയും പ്രത്യേകം ക്രമീകരിക്കണം. വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഓപ്പണ്‍ സ്‌പേസുകളും ഒരുക്കാവുന്നതാണ്. നഗരത്തിലെ പാര്‍ക്കിംഗിനും ഏകീകൃത സംവിധാനം കൊണ്ടുവരണം. റോഡുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു.പദ്ധതികള്‍ ആവിഷ്‌കരിക്കുക മാത്രമല്ല അവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദഹം പറഞ്ഞു.

സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പുകളും തമ്മില്‍ കൃത്യമായ ഏകോപനമുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ നീക്കാം. ജിസിഡിഎ ഇ -ഓഫീസായി മാറണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്താനും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, കെ ജെ മാക്‌സി എംഎല്‍എ, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള, ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സിഇഒ എസ് ഷാനവാസ്, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ പി വിഷ്ണുരാജ്, ജിസിഡിഎ സെക്രട്ടറി കെ വി അബ്ദുള്‍ മാലിക്ക്, വിവിധ വകുപ്പുകളിലെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags:    

Similar News