ഗ്ലോബല്‍ ആയുര്‍വേദ സമ്മേളനത്തിന് തുടക്കം; വെല്‍നസ് ഹബ്ബായി കേരളം മാറണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ആയുര്‍വേദത്തിലെ സ്റ്റാര്‍ട്ടപ്പ് അവസരങ്ങള്‍, നൂതന ഫണ്ടിംഗ് രീതികള്‍, പദ്ധതികള്‍, പാക്കേജിംഗ്, മാര്‍ക്കറ്റിംഗ്, ആഭ്യന്തര, വിദേശ വിപണിയിലെ ബ്രാന്‍ഡിംഗ്, ആയുര്‍വേദത്തിന് രാജ്യാന്തര വിപണിയില്‍ സ്വീകാര്യത ലഭ്യമാക്കല്‍ , കേരളത്തെ ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടക്കും. ആയുര്‍വേദ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംഘടിപ്പിക്കുന്ന ആയുര്‍സ്റ്റാര്‍ട്ട് മല്‍സരത്തിന്റെ രണ്ടാം എഡിഷനും സമ്മേളനത്തിന്റെ ഭാഗമായി നടക്കും ,
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള ആയുര്‍വേദ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. സ്റ്റാര്‍ട്ടപ്പ്, ഇന്നവേഷന്‍, ബ്രാന്‍ഡിംഗ് എന്നിവയിലൂടെ ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ ലക്ഷ്യം.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആയുര്‍വേദം ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞെന്നും 16.2 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കേരളം വെല്‍നസ് ഹബ്ബായി മാറണമെന്നും ഗ്ലോബല്‍ സമ്മിറ്റ് അതിന് സഹായകരമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. പാരമ്പര്യമായി കിട്ടിയ അറിവുകളില്‍ ഏറ്റവും വിലപ്പെട്ടതാണ് ആയുര്‍വേദമെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമായ ആയുര്‍വേദം പ്രശസ്തിയിലേക്ക് ഉയര്‍ത്തിയതും ശാസ്ത്രം എന്ന രീതിയില്‍ പ്രയോജനപ്പെടുത്തിയതും കേരളമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സിഐഐ കേരള സ്ഥാപകന്‍ പോള്‍ തോമസ് പറഞ്ഞു.ആഗോളതലത്തില്‍ ആയുര്‍വേദത്തിന് സ്വീകാര്യത ലഭിക്കാന്‍ യോഗ സഹായകരമായെന്ന് ചടങ്ങില്‍ സംസാരിച്ച ഡോ.കെ അനില്‍കുമാര്‍ പറഞ്ഞു.
ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സ്റ്റാര്‍ട്ടപ്പുകളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യം കൈകാര്യം ചെയ്യുന്നതില്‍ ആയുര്‍വേദം ഫലപ്രദമായ രീതിയാണെന്നും ശാസ്ത്രവും വിജ്ഞാനവും ഒത്തുചേര്‍ന്ന വിപുലമായ മേഖലയാണിതെന്നും ഡോ.പി എം വാര്യര്‍ പറഞ്ഞു.പ്രകൃതിയുടെ നിര്‍ണായക ഭാഗമാണ് മനുഷ്യരെന്ന ചിന്തയാണ് ആയുര്‍വേദം.വേണ്ടത്ര അറിവില്ലാത്തതും ആധുനിക ജീവിത രീതികളോട് കിടപിടിച്ച് നില്‍ക്കാന്‍ കഴിയാത്തതും മരുന്ന് ചെടികളും ലഭ്യത കുറവും കുപ്രചരണങ്ങളുമാണ് ആയുര്‍വേദം നേരിടുന്ന കനത്ത വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.ആയുര്‍വേദത്തിലെ സ്റ്റാര്‍ട്ടപ്പ് അവസരങ്ങള്‍, നൂതന ഫണ്ടിംഗ് രീതികള്‍, പദ്ധതികള്‍, പാക്കേജിംഗ്, മാര്‍ക്കറ്റിംഗ്, ആഭ്യന്തര, വിദേശ വിപണിയിലെ ബ്രാന്‍ഡിംഗ്, ആയുര്‍വേദത്തിന് രാജ്യാന്തര വിപണിയില്‍ സ്വീകാര്യത ലഭ്യമാക്കല്‍ , കേരളത്തെ ആയുര്‍വേദ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും നടക്കും. ആയുര്‍വേദ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംഘടിപ്പിക്കുന്ന ആയുര്‍സ്റ്റാര്‍ട്ട് മല്‍സരത്തിന്റെ രണ്ടാം എഡിഷനും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ആയുര്‍വേദ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ബി റ്റു ബി മീറ്റിങ്ങുകളും നടക്കും. ആഗോള ആയുര്‍വേദ മേഖലയില്‍ നിന്ന് നാനൂറോളം പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സാര്‍ക്, ജിസിസി, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മുപ്പത് രാജ്യങ്ങളില്‍ നിന്നുള്ള 45 ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.