പ്രവാസികൾക്ക് മൂന്ന് ശതമാനം പലിശയിൽ സ്വര്‍ണപണയ വായ്പാ പദ്ധതി
ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി.
തിരുവനന്തപുരം: കേരള ബാങ്കിന്‍റെ 779 ശാഖകളിലൂടെ പ്രത്യേക പ്രവാസി സ്വര്‍ണപണയ വായ്പാ പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണപണയത്തിൽ മൂന്നുശതമാനം പലിശക്ക് ഒരു പ്രവാസി കുടുംബത്തിന് പരമാവധി അമ്പതിനായിരം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. ഇന്‍ഷുറന്‍സ് അപ്രൈസല്‍, പ്രോസസ്സിങ് ചാര്‍ജുകള്‍ ഈടാക്കാത്ത ഈ വായ്പയുടെ കാലാവധി നാലുമാസമാണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തന്‍റെയും തന്‍റെ സ്ഥാപനങ്ങളുടെയും പൂര്‍ണ സഹകരണം പി വി അബ്ദുള്‍വഹാബ് എംപി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. ജന്‍ശിക്ഷന്‍ സന്‍സ്താന്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങള്‍ ഐസോലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടു നല്‍കും. നിര്‍മാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്ക്കുകള്‍ ദിവസേന നിര്‍മിച്ചു നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. പീവീസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍, പീവീസ് മോഡല്‍ സ്കൂള്‍, അമല്‍ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ് കോവിഡ് രോഗികള്‍ക്ക് ആവശ്യമായ 1 ലക്ഷം ഹൈഡ്രോക്സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ഗുളികകള്‍ സംഭാവന ചെയ്തു.