സ്പേസ് പാർക്കിൽ കസ്റ്റംസ് പരിശോധന നടത്തി; ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കർ പറഞ്ഞിട്ടെന്ന് കീഴുദ്യോഗസ്ഥൻ
മേയ് അവസാനമാണ് ശിവശങ്കർ ഫ്ളാറ്റിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്ളാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് തിരുവനന്തപുരത്തെ ഹെദർ ടവറിൽ ഫ്ളാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്നു വിളിച്ചതു മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രൻ. ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണു ഫ്ളാറ്റ് ബുക്കു ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന്റെ കീഴുദ്യോഗസ്ഥനായ അരുൺ നിലവിൽ ടെക്നോപാർക്കിലെ മാർക്കറ്റിങ് ഡയറക്ടറാണ്. ശിവശങ്കരൻ ആവശ്യപ്പെട്ടിട്ടാണ് ഫ്ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ പറഞ്ഞു. ഫ്ളാറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുൺ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. സുഹൃത്തിനു വേണ്ടിയാണ് ഫ്ളാറ്റ് എന്നാണ് ശിവശങ്കരൻ പറഞ്ഞതെന്നും അരുൺ വ്യക്തമാക്കി. ഈ ഫ്ളാറ്റിലാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഈ ഫ്ളാറ്റിലാണ് പിന്നീട് സ്വപ്നയുടെ ഭർത്താവും തുടർന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.
മേയ് അവസാനമാണ് ശിവശങ്കർ ഫ്ളാറ്റിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്ളാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്സ്ആപ്പിലൂടെയാണു വിവരങ്ങൾ കൈമാറിയത്. ഇതനുസരിച്ചു ഫ്ളാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ചു റേറ്റ് ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നെന്നും അരുണ്‍ പറഞ്ഞു. ശിവശങ്കറിനൊപ്പം വിദേശ യാത്രകളിലും അരുണ്‍ പങ്കെടുത്തിരുന്നു. 2018 ഒക്ടോബർ 14 മുതൽ 18 വരെ ദുബായിയിലേക്കു നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ടെക്നോപാർക്കായിരുന്നു.
അതേസമയം, സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന കെഎസ്ഐടിഐഎൽ(കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാടെക്ചര്‍ ലിമിറ്റഡ്)ന് കീഴിലുള്ള സ്പേസ് പാർക്കിൽ കസ്റ്റംസ് പരിശോധന നടത്തി. ഒരു മണിക്കൂറിലേറെ സമയം പരിശോധന നീണ്ടു. ഏഴ് അംഗ കസ്റ്റംസ് സംഘം ഫയലുകൾ കസ്റ്റഡിയിലെടുത്തു.
ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് കെഎസ്ഐടിഐഎൽ. ഓപ്പറേഷൻ മാനേജർ എന്ന തസ്തികയിലാണ് സ്വപ്ന ഇവിടെ ജോലി ചെയ്തത്. ഇവിടെ ജോലി ചെയ്ത സമയത്തും സ്വപ്ന ഓഫീസ് മുറി ഗൂഡാലോചനയ്ക്ക് വേദിയാക്കിയെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഇതേ തുടർന്നാണ് ഇവിടെ പരിശോധന നടത്തിയത്. ശിവശങ്കറിന്റെ ഫ്ളാറ്റിലും പരിശോധന നടക്കുന്നുണ്ട്.