മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രം; സിബിഐ അന്വേഷണത്തിന് പ്രധാനമന്ത്രിക്ക് കത്തുനൽകി: ചെന്നിത്തല
സ്പ്രിങ്ഗ്ലർ, ബെവ്കോ ആപ്പ്, ഇ- മൊബിലിറ്റി അഴിമതി തുടങ്ങിവയലിലെല്ലാം മുഖ്യമന്ത്രി ആരെയൊക്കെയോ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചതായും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞു. സ്വർണ്ണക്കടത്ത് ആരോപണത്തിൽ മുഖ്യമന്ത്രി ബലിയാടുകളെ അന്വേഷിച്ച് നടക്കുകയാണ്. ശിവശങ്കറിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്നും ചെന്നിത്തല വിമർശിച്ചു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങളിൽ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അന്വേഷണം കേരളാ പോലിസ് അന്വേഷിച്ചിട്ട് കാര്യമില്ല. കേന്ദ്ര ഏജൻസിയായ സിബിഐ തന്നെ ഇക്കാര്യം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെ പോലും ചോദ്യം ചെയ്യുന്ന കേസാണിത്. മുഴുവൻ പ്രതികളെയും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനാൽ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ സെക്രട്ടറി ഇടപെടുന്പോൾ അതിന്റെ ഗൗരവം എത്രത്തോളം ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചെയ്തുകൊണ്ടിരിക്കുന്ന ഗുരുതര അഴിമതി പുറത്തുകൊണ്ടുവരാൻ പ്രതിപക്ഷം ശ്രമിക്കുന്പോൾ പരിഹസിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. നേരത്തേ, ശിവശങ്കറിനെതിരേ ഓരോ ആരോപണവും വന്ന സന്ദർഭത്തിൽ അദ്ദേഹത്തെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സ്പ്രിങ്ഗ്ലർ, ബെവ്കോ ആപ്പ്, ഇ- മൊബിലിറ്റി അഴിമതി തുടങ്ങിവയലിലെല്ലാം മുഖ്യമന്ത്രി ആരെയൊക്കെയോ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല വിമർശിച്ചു.