സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അറസ്റ്റുചെയ്ത സംജു റിമാന്റില്‍
ഏലത്തൂര്‍ എരഞ്ഞിക്കല്‍ നെടിയമ്പ്രത്ത് സ്വദേശിയാണ് സംജു. കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്ന എട്ടാമത്തെ പ്രതിയാണ് ഇദ്ദേഹം.
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്ന് കസ്റ്റംസ് അറസ്റ്റുചെയ്ത കോഴിക്കോട് ഏലത്തൂര്‍ സ്വദേശി ടി എം സംജുവിനെ കോടതി റിമാന്റ് ചെയ്തു. സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നത്. പ്രതി കുറ്റം സമ്മതിച്ചെന്നും കസ്റ്റംസിന്റെ റിപോര്‍ട്ടിലുണ്ട്. സ്വര്‍ണക്കടത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്. സാമ്പത്തിക നിലയെയും രാജ്യസുരക്ഷയെയും ബാധിക്കുന്ന കേസാണിതെന്നും കസ്റ്റംസ് പറയുന്നു. ഏലത്തൂര്‍ എരഞ്ഞിക്കല്‍ നെടിയമ്പ്രത്ത് സ്വദേശിയാണ് സംജു. കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്ന എട്ടാമത്തെ പ്രതിയാണ് ഇദ്ദേഹം.
സംജുവിനെ കൂടാതെ മൂന്നുപേര്‍ കൂടി ഇന്ന് രാവിലെ കസ്റ്റംസ് പിടിയിലായിരുന്നു. പിടിയിലായ മഞ്ചേരി സ്വദേശി മുഹമ്മദ് അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തിരുന്നു. കൊവിഡ് പരിശോധന കഴിയുന്ന മുറയ്ക്ക് ഇവരുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമെന്നു കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിമാന്റിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. ഇയാളുടെ കൊവിഡ് പരിശോധനാഫലം വരുന്ന മുറയ്ക്കു പരിഗണിക്കാനായാണ് മാറ്റിവച്ചത്.