സ്വര്‍ണക്കടത്ത്: കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി കസ്റ്റംസ്; ശിവശങ്കര്‍ റിമാന്റില്‍
മജിസട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി ശിവശങ്കര്‍ പിന്‍വലിച്ചു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ നല്‍കിയ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കവെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചതെന്നാണ് വിവരം.
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെതിരെ കസ്റ്റംസ് കൂടുതല്‍ തെളിവുകള്‍ കോടതയില്‍ ഹാജരാക്കിയതായി സൂചന. മുദ്രവെച്ച കവര്‍ കസ്റ്റംസ് ഇന്ന് കോടതിയില്‍ നല്‍കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ന് ശിവശങ്കറിനെ ഹാജരാക്കിയതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ റിമാന്റു ചെയ്തു. ഇതിനിടയില്‍ നേരത്തെ മജിസട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി ശിവശങ്കര്‍ പിന്‍വലിച്ചു. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്‍ നല്‍കിയ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കവെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യഹരജി പിന്‍വലിച്ചതെന്നാണ് വിവരം.
സ്വര്‍ണക്കടത്ത്,വിദേശ കറന്‍സിക്കടത്ത് എന്നിവയില്‍ ശിവശങ്കറിന് പങ്കാളിത്തമുള്ളതായി നേരത്തെ കസ്റ്റംസ് കോടതിയില്‍ അറിയിച്ചിരുന്നു.പദവി ദുരുപയോഗം ചെയ്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ശിവശങ്കര്‍ സഹായിച്ചുവെന്നും നേരത്തെ കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് മൊഴികളല്ലാതെ കുടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇന്ന് കുടുതല്‍ തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കിയതെന്നാണ് വിവരം.അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സരിത്ത് എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തല്‍ ഇന്നും തുടരുകയാണ്.