സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്
സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഫ്‌ളാറ്റിലെ നാലാംനിലയിലാണ് ശിവശങ്കര്‍ ഒരുവര്‍ഷമായി താമസിക്കുന്നത്.
തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഫ്‌ളാറ്റിലെ നാലാംനിലയിലാണ് ശിവശങ്കര്‍ ഒരുവര്‍ഷമായി താമസിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍വച്ച് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. റീ ബില്‍ഡ് കേരളയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്.
സെക്രട്ടേറിയറ്റില്‍ സ്ഥലമുണ്ടായിട്ടും ലക്ഷങ്ങള്‍ വാടകകൊടുത്ത് ഫ്‌ളാറ്റില്‍ ഓഫിസ് മുറി കണ്ടെത്തിയത് നേരത്തെയും വിവാദത്തിനിടയാക്കിയിരുന്നു. അതേസമയം, വിവാദങ്ങളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അന്വേഷണം നടക്കട്ടേയെന്നും ശിവശങ്കര്‍ പ്രതികരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നേരെ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് പ്രൈവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ മുഖ്യമന്ത്രി നീക്കിയത്.