സ്വര്‍ണം,ഡോളര്‍ക്കടത്ത് കേസ്: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണം; ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കണമെന്ന് ഇ ഡി ഹൈക്കോടതിയില്‍

ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ വാദം നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജിയില്‍ വിധിപറയനാനായി മാറ്റി

Update: 2021-07-01 09:03 GMT

കൊച്ചി: സ്വര്‍ണം, ഡോളര്‍ കടത്തു കേസുകള്‍ അന്വേഷിക്കുന്ന വിവിധ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനായുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കണമെന്ന്എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ വാദം നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജിയില്‍ വിധിപറയനാനായി മാറ്റി.

ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമില്ലെന്നും ഇ ഡി കോടതിയില്‍ വാദിച്ചു.സ്വര്‍ണം, ഡോളര്‍ കടത്തുകേസുകളില്‍ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും പങ്കുള്‍പ്പെടെയാണ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി തന്നെ അന്വേഷണം പ്രഖ്യാപിച്ച് കമ്മിഷനെ നിയമിച്ചത് സ്വന്തം പദവിയുടെ ദുരുപയോഗമാണ്.

ഇഡി അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇഡി ഹൈക്കോടതിയില്‍ പറഞ്ഞു.എന്നാല്‍ ഇ ഡിയുടെ ഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇ ഡി കേന്ദ്രസര്‍ക്കാരിന് കീഴിലുളള വകുപ്പാണ്.അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിനെതിരെ ഹരജി നല്‍കാന്‍ കഴിയുമോയെന്നും സര്‍ക്കാര്‍ ചോദിച്ചു.ഹരജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പേരുകള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ഗൂഢാലോചന നടത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിനായി ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കുന്നത്. മേയ് ഏഴിന് ഇതുപ്രകാരം വിജ്ഞാപനം ഇറക്കുകയും ജൂണ്‍ 11 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

Tags:    

Similar News