സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധം; പോലിസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം
ദക്ഷിണ മേഖല ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് അന്വേഷണ ചുമതല.
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുള്ള പോലിസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം. കേസിലെ പ്രതി സന്ദീപ് നായരുടെ അടുത്ത സുഹൃത്തും പോലിസ് ഓഫീസേഴ്സ് അസോസിയേഷന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ ചന്ദ്രശേഖരനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ദക്ഷിണ മേഖല ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് അന്വേഷണ ചുമതല.
സിറ്റി കണ്ട്രോള് റൂം എസ്ഐയാണ് ചന്ദ്രശേഖരന്. കഴിഞ്ഞ മേയില്‍ മദ്യപിച്ച് വാഹനമോടിച്ച സന്ദീപിനെയും അദ്ദേഹത്തിന്റെ ആഡംബര വാഹനവും മണ്ണന്തല പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ചന്ദ്രശേഖരന് നേരിട്ടെത്തിയാണ് സന്ദീപിനെ സ്റ്റേഷനില്‍ നിന്നും മോചിപ്പിച്ചത്. രേഖകളൊന്നും പരിശോധിക്കാതെ വാഹനവും തിരികെ നല്കി. നിലവിലെ സാഹചര്യത്തിൽ സംഭവം വിവാദമായതോടെയാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്.