സ്വർണക്കടത്ത് കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്ന് മന്ത്രി കടകംപള്ളി
പിടിയിലായവർ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കൾ, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്.
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു പ്രതിപക്ഷം നീക്കം നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അന്വേഷണം ശരിയായ വഴിക്ക് തന്നെയാണ് പുരോഗമിക്കുന്നത്. കേസിൽ പല വമ്പൻ സ്രാവുകളും കുടുങ്ങുമെന്നും ഈ അന്വേഷണം എങ്ങോട്ടൊക്കെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
പിടിയിലായവർ ഒരു വിഭാഗം കേന്ദ്ര ഭരണകക്ഷി നേതാക്കൾ, ഒരു വിഭാഗം യുഡിഎഫിലെ പ്രമുഖ കക്ഷിയിലെ ആളുകളുമാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തത് അന്വേഷണ സംഘത്തിന്‍റെ സ്വാഭാവിക നടപടിയാണ്. ജനം ടിവിയെ വരെ ഇതോടെ ബിജെപി തള്ളിപ്പറഞ്ഞു. ബിജെപി എന്താണെന്ന് എല്ലാവർക്കും ബോധ്യമായെന്നും കടകംപള്ളി പരിഹസിച്ചു. പെറ്റമ്മയെ വരെ തള്ളിപ്പറയും.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്നത് നാണം കെട്ട ഒളിച്ചോട്ടമാണ്. കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ സയാമീസ് ഇരട്ടകളാണെന്നും കടകംപള്ളി പറഞ്ഞു. ഇരു വിഭാഗത്തിന്‍റെയും ലക്ഷ്യം സര്‍ക്കാരിനെ കരിവാരി എറിയുക മാത്രമാണെന്നും മന്ത്രി ആരോപിച്ചു.