വീണ്ടുമൊരു ചാരക്കേസ് ചമച്ച് അരാജകത്വം സൃഷ്ടിക്കാൻ യുഡിഎഫ്, ബിജെപി ശ്രമം: കോടിയേരി
കേരളത്തിൽ വരുന്ന സ്വർണത്തിന്‍റെ നിറം കാവിയും പച്ചയുമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മറുപടിയായി കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാരിനൊപ്പം തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ചാരക്കേസ് ചമച്ച് അരാജകത്വം സൃഷ്ടിക്കാനാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും ശ്രമം. പണ്ട് ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച അനുഭവം ഉണ്ട്. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ടെന്നും കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.
പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനൊപ്പം പാർട്ടിയും സർക്കാരും ഒറ്റകെട്ടാണ്. കള്ളക്കഥകൾ ചമച്ചും അരാജകത്വ സമരം നടത്തിയും അത് തകർക്കാനാകില്ല. ഇനിയും ചാരക്കേസ് ചമയ്ക്കാൻ കേരളം അനുവദിക്കില്ലെന്നും പാർട്ടി സെക്രട്ടറി നിലപാട് വിശദീകരിക്കുന്നു.
ഭരണ ശേഷിയുള്ള ഉദ്യോഗസ്ഥൻ എന്ന പരിഗണനയിലാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത്. ആ വിശ്വാസത്തിന് കോട്ടം തട്ടുന്ന പെരുമാറ്റം ശിവശങ്കറിൽ നിന്ന് ഉണ്ടായെന്നും കോടിയേരി വ്യക്തമാക്കുന്നു. ശിവശങ്കറിനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറിതല അന്വേഷണ റിപ്പോർട്ടിനായി കാത്തിരുന്നത്, തികച്ചും യുക്തിപരവും നിയമപരവുമാണ്. പിടിച്ച സ്വർണത്തിന്‍റെ നിറം കാവിയും പച്ചയുമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയ്ക്ക് മറുപടിയായി കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി. കേരളത്തിൽ പിടിച്ച സ്വർണത്തിന്‍റെ ചുവപ്പാണെന്നായിരുന്നു ജെ പി നഡ്ഡ പറഞ്ഞത്.