സ്വർണക്കടത്ത് പ്രതിയുമായി ബന്ധം: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന് സസ്പെൻഷൻ
അഖിലേന്ത്യാ സർവീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പുതല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സ്വർണക്കടത്ത് പ്രതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്ന് മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സർവീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പുതല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷ് വ്യാജ സർട്ടഫിക്കറ്റ് ചമച്ചു എന്ന ആരോപണത്തിൽ നിലവിൽ സംസ്ഥാന പോലിസ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ ഫോൺവിളിയടക്കം ശിവശങ്കറിന് കുരുക്ക് മുറുകിയിരുന്നു. പ്രതികളുമായുള്ള അടുത്ത ബന്ധവും ശിവശങ്കറിന് കുരുക്കായി. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രന്റെ നിയമനത്തിലും മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.