സ്വര്‍ണക്കടത്ത്: ഒരാളെക്കൂടി കസ്റ്റംസ് പ്രതിയാക്കി; റബിന്‍സിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി
മംഗലാപുരം സ്വദേശി രാജേന്ദ്ര പവാറിനെയാണ് കേസിലെ 24 ാം പ്രതിയാക്കി കസ്റ്റംസ് റിപോര്‍ട് സമര്‍പ്പിച്ചത്.കേസില്‍ നേരത്തെ അറസ്റ്റു ചെയ്ത് ശിവശങ്കര്‍,സരിത്ത്,സ്വപ്‌ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റേയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ ഒരാളെ കൂടി പ്രതിയാക്കി കസ്റ്റംസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.മംഗലാപുരം സ്വദേശി രാജേന്ദ്ര പവാറിനെയാണ് കേസിലെ 24 ാം പ്രതിയാക്കി കസ്റ്റംസ് റിപോര്‍ട് സമര്‍പ്പിച്ചത്.കേസില്‍ നേരത്തെ അറസ്റ്റു ചെയ്ത് ശിവശങ്കര്‍,സരിത്ത്,സ്വപ്‌ന എന്നിവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റേയും പുതിയ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി പല തവണ നോട്ടീസ് നല്‍കിയിട്ടും വന്നില്ല.
ഇതോടെയാണ് പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ഹമീദിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് എന്‍ഐഎ കോടതി അനുമതി നല്‍കി. കേസില്‍ പത്താം പ്രതിയായ റബിന്‍സിനെ ഇന്റര്‍പോള്‍ സഹായത്തോടെ ഓക്ടബറിലാണ് എന്‍ ഐ എ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്തത്. മറ്റ് പ്രതികളുടെ മൊഴികളില്‍ റബിന്‍സിന്റെ പങ്കാളിത്തം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയതോടെയാണ് നടപടി.