സ്വര്‍ണ കള്ളക്കടത്ത്; കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ഇടപെടല്‍ അന്വേഷിക്കണം: എസ്ഡിപിഐ
സ്വര്‍ണം കള്ളക്കടത്ത് പിടിയിലായ നിമിഷം മുതല്‍ അത് നയതന്ത്ര ബാഗേജ് അല്ലെന്ന് നിലപാട് ആവര്‍ത്തിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്താണ് ഒളിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്
തിരുവനന്തപുരം: നയതന്ത്ര ബാഗേജുവഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടു വന്ന കേസില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ കൂട്ടു കച്ചവടമാണ് നടന്നതെന്നു വ്യക്തമായിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍, മന്ത്രി കെ ടി ജലീല്‍, ജനം ടിവി മുന്‍ കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ എന്നിവര്‍ ഔദ്യോഗിക പദവിയും ബന്ധങ്ങളും ദുരുപയോഗം ചെയ്താണ് സ്വര്‍ണ കള്ളക്കടത്തില്‍ ഇടപെട്ടിരിക്കുന്നതെന്നാണ് ആക്ഷേപമുയരുന്നത്.
കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ സ്ഥിതിക്ക് മന്ത്രിസ്ഥാനം രാജിവെക്കാന്‍ കെടി ജലീലിന് ധാര്‍മിക ബാധ്യതയുണ്ട്. കൂടാതെ ഇഡി ചോദ്യം ചെയ്ത ശേഷവും കള്ളം പറഞ്ഞ് പൊതുസമൂത്തെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ജലീലിന്റെ ശ്രമം. അവസാനം ഇഡി അധികൃതര്‍ തന്നെ വെളിപ്പെടുത്തിയപ്പോഴാണ് വ്യക്തത വന്നത്. 'മടിയില്‍ കനമില്ലെങ്കില്‍' ജലീല്‍ എന്തിനാണ് ഒളിച്ചിരിക്കുന്നത്. കെ ടി ജലീല്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മതഗ്രന്ഥം വിതരണം ചെയ്തു മുസ്‌ലിം സമൂഹത്തെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.
സ്വര്‍ണം കള്ളക്കടത്ത് പിടിയിലായ നിമിഷം മുതല്‍ അത് നയതന്ത്ര ബാഗേജ് അല്ലെന്ന് നിലപാട് ആവര്‍ത്തിച്ച കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്താണ് ഒളിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്. അത്തരത്തില്‍ വ്യാജ രേഖയുണ്ടാക്കാന്‍ അനില്‍ നമ്പ്യാര്‍ ശ്രമിച്ചിരുന്നതായും വെളിപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ തകര്‍ക്കുന്ന സ്വര്‍ണ കള്ളക്കടത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെ ബന്ധം സംശയകരമാണെന്നും അവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനെയും അനില്‍ നമ്പ്യാരെയും രക്ഷപ്പെടുത്താനാണ് ബിജെപിയുള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ ശ്രമിക്കുന്നതെന്നും അവരുടെ പ്രതിഷേധങ്ങള്‍ കാപട്യവും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും റോയി അറയ്ക്കല്‍ പറഞ്ഞു.