സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്നു; സ്വർണ്ണക്കടത്തിൽ പങ്കില്ല, മാറിനിൽക്കുന്നത് ഭയത്താൽ
കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല.
തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ്. ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. സ്വപ്ന ഇപ്പോഴെവിടെയെന്നോ ആർക്കൊപ്പമെന്നോ അറിയില്ല.
താനിപ്പോൾ മാറി നിൽക്കുന്നത് ഭയം കൊണ്ടാണെന്ന് അവർ പറയുന്നു. അതല്ലാതെ തെറ്റ് ചെയ്തിട്ടല്ല. എന്താണ് തന്‍റെ റോൾ എന്ന് എല്ലാവരും അറിയണം. ഇതിൽ ബാധിക്കപ്പെടുക തന്‍റെ കുടുംബം മാത്രമാണെന്നും ശബ്ദ സന്ദേശത്തിലൂടെ സ്വപ്ന സുരേഷ് പറയുന്നു.
കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല. തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. കോൺസുലേറ്റിൽ ജോലി ചെയ്തപ്പോഴൊക്കെ തന്‍റെ തൊഴിലിൽ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താൻ സംസാരിച്ചിട്ടുണ്ട്. പക്ഷേ അതെല്ലാം തൊഴിലിന്‍റെ ഭാഗമായിട്ടാണെന്നും സ്വപ്ന പറയുന്നു.