ചരക്ക് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഇന്ന് രാവിലെ മുതല്‍ ഓടേണ്ട മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി
തൃശൂര്‍: പുതുക്കാട് ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് താറുമാറായ ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനായില്ല. പാളം തെറ്റിയ ട്രെയിന്‍ ബോഗികള്‍ ഉയര്‍ത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ ഓടേണ്ട മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നുള്ള വേണാട് എക്‌സ്പ്രസ്, കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ്, ഷൊര്‍ണൂര്‍- എറണാകുളം മെമു എന്നിവ റദ്ദാക്കി.
ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇന്ന് എറണാകുളത്തുനിന്ന് പുറപ്പെടും. തിരുനെല്‍വേലിയില്‍നിന്നുള്ള പാലരുവി എക്‌സ്പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. ഗുരുവായൂര്‍- പുനലൂര്‍ എക്‌സ്പ്രസ് തൃപ്പുണിത്തുറയില്‍നിന്നും പുറപ്പെടും. ഇന്നലെയും ആറോളം ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ട്രെയിന്‍ ഗതാഗതം താറുമാറായതിനാല്‍ തൃശൂര്‍, എറണാകുളം, ആലപ്പുഴ ഡിപ്പോകളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സജ്ജമാക്കി.
നിലവില്‍ തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും എറണാകുളത്തും ആലപ്പുഴയില്‍നിന്നും ആറ് വീതവും അധിക ബസ്സുകള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്തുനിന്നും തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസ്സുകള്‍ സര്‍വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കൂടുതല്‍ സര്‍വീസ് നടത്താന്‍ ഗതാഗതമന്ത്രി നിര്‍ദേശിച്ചു. അടിയന്തരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 2463799, 9447071021, 1800 599 4011. ഇന്ന് തന്നെ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നത്.