ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ ഉത്തരവിറങ്ങി
ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കുവാൻ കോട്ടയം ജില്ലാ കളക്ടർക്ക് അനുവാദം നൽകിക്കൊണ്ടുള്ളതാണ് ഉത്തരവ്.
ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂവകുപ്പിനാണെന്നാണ് ഇതിൽ പറയുന്നത്. എന്നാൽ അവകാശ തർക്കം നിലനിൽക്കുന്നതിനാൽ നഷ്ടപരിഹാരത്തുക നിയമപ്രകാരം കോടതിയിൽ കെട്ടിവയ്ക്കണം. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ സെക്ഷൻ 77 അനുസരിച്ചാണ് ഈ നടപടി. സർക്കാരാണ് ഭൂമി ഏറ്റെടുക്കുന്നത് എന്നതിനാൽ നഷ്ടപരിഹാര തുക മുൻകൂട്ടി കെട്ടിവയ്ക്കേണ്ടതില്ല. വിധി എതിരായി വന്നാൽ നഷ്ടപരിഹാരത്തുക അപ്പോൾ നൽകിയാൽ മതി.