ആശ്വാസകിരണം പദ്ധതി ധനസഹായം നല്‍കുന്നതിനായി 40കോടി അനുവദിച്ചു

Update: 2021-08-02 11:56 GMT

തിരുവനന്തപുരം: 'ആശ്വാസകിരണം' പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വിഹിതമായ 40 കോടി അനുവദിച്ചതായി മന്ത്രി ഡോ.ആര്‍ ബിന്ദു നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷന് മറിപടി പറയുകയായിരുന്നു മന്ത്രി.

ഒരു മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം തീവ്രമായ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരെയും പ്രായാധിക്യം കൊണ്ടോ ക്യാന്‍സര്‍ മുതലായ ഗുരുതര രോഗങ്ങളാലോ കിടപ്പിലാവുകയും ചെയ്യുന്നവരേയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.

നിലവില്‍ പദ്ധതിയ്ക്ക് 98027 ഗുണഭോക്താക്കളാണുള്ളത്. തുടര്‍ന്നുള്ള മാസങ്ങളിലെ ആനുകൂല്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഏഴിന് പ്രത്യേക വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് 40 കോടി രൂപ അനുവദിച്ചു. എന്നാല്‍ അപ്രകാരം അനുവദിക്കുമ്പോള്‍ ഗുണഭോക്താക്കളുടെ ഇരട്ടിപ്പ് ഒഴിവാക്കുന്നതിനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അവശേഷിക്കുന്ന ഗുണഭോക്താക്കളുടെ ആധാര്‍ ലിങ്കിങ്ങ് എന്നിവ രണ്ടുമാസത്തിനകം കെ.എസ്.എസ്.എം. ഉറപ്പുവരുത്തേണ്ടതാണ് എന്ന നിബന്ധന ഉള്‍പ്പെടുത്തുകയുണ്ടായി. ഗുണഭോക്താക്കളില്‍ മരണപ്പെട്ടവരെയും അനര്‍ഹരെയും ഒഴിവാക്കി ഗുണഭോക്തൃലിസ്റ്റ് പുനര്‍ക്രമീകരിക്കാനാണ് ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീവ്രഭിന്നശേഷിയുള്ളവരുടെയും കിടപ്പ് രോഗികളുടെയും ലൈഫ് സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുകയും ആധാര്‍ ലിങ്കിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ക്കുള്ള പ്രായോഗികബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരമാവധി കുടിശ്ശിക ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ, വര്‍ക്കിങ് ഗ്രൂപ്പ് മുന്നോട്ടുവച്ച നിബന്ധന താല്‍ക്കാലികമായി ഇളവ് ചെയ്ത് കിട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഈ പദ്ധതിയുടെ ഗുണഭോക്താക്കളോട് തികഞ്ഞ അനുഭാവമാണ് സര്‍ക്കാരിനുള്ളത്. അവശേഷിക്കുന്ന കുടിശ്ശിക തീര്‍ക്കുന്നതിന് ആവശ്യമായ തുക അധികധനാനുമതിയിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Tags:    

Similar News