ഗുരുവായൂര്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും നാടിന് സമര്‍പ്പിച്ചു

Update: 2021-02-27 03:56 GMT

ഗുരുവായൂര്‍: വര്‍ഷത്തില്‍ നാല് കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്ര നഗരിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ മുഖമായി മാറി ഗുരുവായൂരിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സും ടൂറിസം അമ്‌നിറ്റി സെന്ററും കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹായത്തോടെ പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭയും ദേവസ്വവും സംയുക്തമായി നിര്‍മ്മിച്ചതാണിവ.

പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി 46.14 കോടിയുടെ നാലോളം പദ്ധതികളാണ് ഗുരുവായൂരില്‍ നടന്നുവരുന്നത്. മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന് 2356.78 ലക്ഷം രൂപയാണ് അനുവദിച്ചത്. വര്‍ഷങ്ങളായി ജനങ്ങളേറെ ബുദ്ധിമുട്ടുന്ന ഗതാഗതക്കുരുക്കിനാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ അറുതി വരുന്നത്. ഒരേസമയം 700 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യത്തോടെ ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ നാല് നിലകളിലായി 164177.263 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 298 ഫോര്‍ വീലര്‍ പാര്‍ക്കിംഗ്, 9 ബസ് പാര്‍ക്കിംഗ്, ആറ് ഡിസേബിള്‍ഡ് പാര്‍ക്കിംഗ്, 338 ടൂവീലര്‍ പാര്‍ക്കിംഗ് എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രൗണ്ട് ഫ്‌ലോറില്‍ നിന്ന് തന്നെ മുകളിലെ നിലകളില്‍ എത്തിച്ചേരാന്‍ പതിമൂന്നും പത്തും പാസഞ്ചര്‍ കപ്പാസിറ്റിയുള്ള രണ്ട് ലിഫ്റ്റുകള്‍, ഫയര്‍ സ്‌റ്റെയര്‍ ഉള്‍പ്പെടെ മൂന്ന് സ്‌റ്റെയര്‍ സൗകര്യം, ഓരോ നിലകളിലും റാംപ് സൗകര്യം, 16 ടോയ്‌ലറ്റുകള്‍, നാല് ഡിസേബിള്‍ ടോയ്‌ലറ്റ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുരുവായൂരിലെത്തുന്ന ആളുകള്‍ക്ക് ബസ്റ്റാന്‍ഡ്‌നോടും റെയില്‍വേ സ്‌റ്റേഷ്‌നോടും ചേര്‍ന്നു തന്നെ വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കുന്നതിനാണ് നഗരസഭ ടൂറിസം അമ്‌നിറ്റി സെന്റര്‍ നിര്‍മ്മിച്ചത്. 364.47 ലക്ഷം രൂപയ്ക്ക് ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ മൂന്ന് നിലകളിലായി 13814.73 ചതുരശ്ര അടിയിലാണ് അമ്‌നിറ്റി സെന്റര്‍ കെട്ടിടം. ഗ്രൗണ്ട് ഫ്‌ലോറില്‍ തന്നെ എഴുപതോളം പേര്‍ക്ക് ഇരിക്കാവുന്ന പില്‍ഗ്രിം വിശ്രമസ്ഥലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, രണ്ട് സര്‍വീസ് റൂം, ഡിസേബിള്‍ ടോയ്‌ലറ്റ്, ഹൗസ് കീപ്പിംഗ് റൂം, ക്ലോക്ക് റൂം, ഷൂ റാക്ക് കൗണ്ടര്‍, കോറിഡോര്‍ എന്നിവയുണ്ട്. ഒന്നാം നിലയില്‍ പുരുഷന്മാര്‍ക്കും രണ്ടാമത്തെ നിലയില്‍ സ്ത്രീകള്‍ക്കുമായി ശുചിമുറികളുമുണ്ട്.

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായി. മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് കോംപ്ലക്‌സിന്റെ ശിലാഫലകം ടി എന്‍ പ്രതാപന്‍ എംപിയും ടൂറിസം അമ്‌നിറ്റി സെന്ററിന്റെ ശിലാഫലകം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എയും അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് താമസസൗകര്യം വര്‍ധിപ്പിക്കുന്നതിനായി പടിഞ്ഞാറെ നടയില്‍ മൂന്നു നിലകളിലായി 27 മുറികളോടു കൂടി നിര്‍മ്മിച്ച ശ്രീകൃഷ്ണ റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനവും, പുന്നത്തൂര്‍ കോട്ടയ്ക്ക് സമീപം വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി 49 ഫ്‌ലാറ്റുകളോടെ നിര്‍മ്മിച്ച ശ്രീകൃഷ്ണ സദനത്തിന്റെ ഉദ്ഘാടനവും ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍, ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ, കെ ടി ഐ എല്‍ സിഎംഡി കെ ജി മോഹന്‍ലാല്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ ബി മോഹന്‍ ദാസ്, നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാ കുമാരി, നഗരസഭ സെക്രട്ടറി പി എസ് ഷിബു, മറ്റ് നഗരസഭ ഉദ്യോഗസ്ഥര്‍, ദേവസ്വം ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

Similar News