മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം ചൊവ്വാഴ്ച മക്കയിലേക്ക് തിരിക്കും

ജൂണ്‍ നാലിനു രാവിലെ 8.30 നു പുറപ്പെട്ട എസ് വി 5747, ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ 12.50 നു പുറപ്പെട്ട എസ് വി 5743 എന്നീ രണ്ട് വിമാനത്തിലെ തീര്‍ഥാടകരാണ് മക്കയിലേക്ക് തിരിക്കുന്ന ആദ്യ സംഘം.ചൊവ്വാഴ്ച സുബ്ഹ് നിസ്‌കാര ശേഷം മദീനയില്‍ നിന്നും പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു

Update: 2022-06-12 12:10 GMT

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനു പുറപ്പെട്ട കേരളത്തില്‍ നിന്നുള്ള ആദ്യ സംഘം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മക്കയിലേക്ക് തിരിക്കും. ജൂണ്‍ നാലിനു രാവിലെ 8.30 നു പുറപ്പെട്ട എസ് വി 5747, ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ 12.50 നു പുറപ്പെട്ട എസ് വി 5743 എന്നീ രണ്ട് വിമാനത്തിലെ തീര്‍ഥാടകരാണ് മക്കയിലേക്ക് തിരിക്കുന്ന ആദ്യ സംഘം.ചൊവ്വാഴ്ച സുബ്ഹ് നിസ്‌കാര ശേഷം മദീനയില്‍ നിന്നും പുറപ്പെടുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.

ഈ സംഘത്തിലെ തീര്‍ഥാടകര്‍ക്കു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ വോളണ്ടിയര്‍മാര്‍ മുഖേന നല്‍കി കഴിഞ്ഞു. ഇഹ്‌റാം വേഷത്തിലായിരിക്കും മദീനയില്‍ നിന്നും പുറപ്പെടുക.തിങ്കളാഴ്ച രാത്രി ഇവരുടെ ലഗേജുകള്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ താഴെ നിലയിലെത്തിക്കാനും ഇഹ്‌റാം വസ്ത്രം, അത്യാവശ്യ മരുന്നുകള്‍, ചെറിയ ഭക്ഷണം മറ്റു അത്യാവശ്യ വസ്തുക്കള്‍ എന്നിവ ഹാന്‍ഡ് ബാഗില്‍ കരുതാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മദീനയില്‍ നിന്നും യാത്ര ആരംഭിച്ച് പത്ത് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ദുല്‍ ഹുലൈഫ എന്ന സ്ഥലത്ത് വെച്ചായിരിക്കും ഉംറക്കുള്ള ഇഹ്‌റാം നിര്‍വ്വഹിക്കുക.ശേഷം ദുല്‍ ഹുലൈഫയിലെ അബിയാര്‍ അലി മസ്ജിദില്‍ നിന്നും ഇഹ്‌റാമിന്റെ സുന്നത്ത് നിസ്‌കാരം നിര്‍വ്വഹിച്ച് തിരിച്ച് ബസ്സില്‍ പ്രവേശിക്കും. ബസ് മാര്‍ഗ്ഗം ഏകദേശം പത്ത് മണിക്കൂര്‍ സമയമായിരിക്കും മദീനയില്‍ നിന്നും മക്കയിലേക്കുള്ള യാത്ര.മദീനയില്‍ നിന്നും മക്കയിലെ താമസ സ്ഥലത്തേക്കായിരിക്കും ആദ്യം എത്തുക. അസീസിയ്യയിലെ മഹത്തത്തുല്‍ ബങ്കിലെ ബില്‍ഡിങ്ങ് നമ്പര്‍ ഒന്നിലാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. റൂമില്‍ പ്രവേശിച്ച് വിശ്രമത്തിനു ശേഷം ആദ്യ ഉംറ നിര്‍വ്വഹിക്കുന്നതിനു വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സംഘമായിട്ടാവും പുറപ്പെട്ടുക.

ഉംറയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഹറമിലേക്കുള്ള വഴികളും, യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തീര്‍ഥാടര്‍ക്കു പ്രത്യേകം വിശദീകരിച്ചു നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തനിച്ചോ/സംഘമായോ ഉംറ/സിയാറത്ത് നിര്‍വ്വഹിക്കാനായി ഹറമിലേക്ക് പുറപ്പെടാവുന്നതാണ്. ഇതിനു തമാസ സ്ഥലത്ത് നിന്നും ഇരുപത്തി നാല് മണിക്കൂറും ബസ് സൗകര്യം ഉണ്ടായിരിക്കും. മക്കയില്‍ തീര്‍ഥാടകരുടെ താമസ സ്ഥലത്തും ഹറം പരിസരത്തും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും പ്രത്യേക വോളണ്ടിയര്‍മാരും സഹായത്തിനായി ഉണ്ടാവും. കേരളത്തില്‍ നിന്നും തീര്‍ഥാടകരോടൊപ്പം യാത്രയായ വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മക്ക യാത്രക്കു മുന്നോടിയായി മദീനയില്‍ നിന്നും പ്രത്യേക ക്ലാസ്സുകളും നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലേക്ക് പുറപ്പെടും. കേരളത്തില്‍ നിന്നും അവസാന സംഘത്തില്‍ പുറപ്പെടുന്ന തീര്‍ഥാടകര്‍ ജൂണ്‍ ഇരുപത്തിനാലിനു ശേഷമായിരിക്കും മക്കയിലേക്ക് പുറപ്പെടുകയെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News