ഹാരിസണ്‍ ഭൂമിക്ക് നികുതി: സര്‍ക്കാരും കുത്തകകളും ഒത്തുകളിക്കുന്നു- എസ്ഡിപിഐ

തിടുക്കപ്പെട്ട് കരം ഈടാക്കി കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കം സര്‍ക്കാരും കുത്തകകളും തമ്മിലുള്ള ഒത്തുകളിയാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Update: 2019-01-30 12:14 GMT

കോഴിക്കോട്: ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശംവച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി കമ്പനിക്ക് തീറെഴുതിക്കൊടുക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്. തിടുക്കപ്പെട്ട് കരം ഈടാക്കി കുത്തകകള്‍ കൈവശം വച്ചിരിക്കുന്ന തോട്ടങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള നീക്കം സര്‍ക്കാരും കുത്തകകളും തമ്മിലുള്ള ഒത്തുകളിയാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കുത്തക കമ്പനികളുടെ അനധികൃത കൈവശഭൂമിയ്ക്ക് അനുകൂല നടപടികളാണ് ഈ സര്‍ക്കാര്‍ തുടക്കം മുതല്‍ കൈക്കൊണ്ടിട്ടുള്ളത്. റവന്യൂ പ്ലീഡറായിരുന്ന സുശീലാ ഭട്ടിനെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതും ഈ കേസ് അട്ടിമറിക്കുന്നതിനായിരുന്നു. തര്‍ക്കം സിവില്‍ കേസ് വഴി തീര്‍പ്പാക്കാനുള്ള സുപ്രിംകോടതി നിര്‍ദേശത്തിന്റെ മറവിലാണ് കൈവശഭൂമിയുടെ കരം സ്വീകരിക്കാനുള്ള നീക്കം നടക്കുന്നത്.

എന്നാല്‍, റവന്യൂ മന്ത്രിയുടെ എതിര്‍പ്പുമൂലം മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കാനായില്ല. സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകള്‍ തലചായ്ക്കാനിടമില്ലാതെ തെരുവില്‍ അലയുമ്പോഴാണ് കുത്തകകളുടെ അനധികൃത കൈവശഭൂമിയ്ക്ക് നിയമസാധുത നല്‍കാന്‍ ഇടതുസര്‍ക്കാര്‍ തിടുക്കം കാണിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

Tags:    

Similar News