മാധ്യമവിലക്ക്: ഫാഷിസ്റ്റാണെന്ന് ഗവര്‍ണര്‍ സ്വയം സാക്ഷ്യപ്പെടുത്തി- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ചില മാധ്യമങ്ങളെ മാത്രം ഇറക്കിവിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും താനൊരു തനി ഫാഷിസ്റ്റാണെന്ന് ഗവര്‍ണര്‍ ഒരിക്കല്‍ കൂടി സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഭരണഘടനാ പദവിയിലിരുന്ന് ഭരണഘടനയെയും ജനാധിപത്യത്തെയും അവഹേളിക്കുന്ന നടപടികളാണ് ഗവര്‍ണര്‍ തുടരുന്നത്.
ഗവര്‍ണറുടെ ഓഫിസ് നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ മീഡിയാ വണ്‍, കൈരളി ചാനലുകളെയാണ് 'ഗറ്റ് ഔട്ട്' പറഞ്ഞ് ഗവര്‍ണര്‍ ഇറക്കിവിട്ടത്. ഈ മാധ്യമങ്ങളെ പേരെടുത്ത് ചോദിച്ച് എത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം ഇറക്കിവിട്ട ഗവര്‍ണറുടെ നടപടി അങ്ങേയറ്റം തരംതാണതാണ്. ഇതിന് മുമ്പും മാധ്യമങ്ങള്‍ക്ക് ഗവര്‍ണര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
മാധ്യമവിലക്കില്‍ പ്രതിഷേധിച്ച് വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച റിപോര്‍ട്ടര്‍ ചാനലിന്റെ നടപടി അഭിനന്ദനാര്‍ഹമാണ്. ചോദ്യം ചോദിക്കുന്നതും വിമര്‍ശിക്കുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഗവര്‍ണര്‍ തിരിച്ചറിയണം. വിമര്‍ശനങ്ങളെ ഭയക്കുന്നത് ഫാഷിസമാണ്. താന്‍ ഫാഷിസത്തിന്റെ പ്രതിരൂപമാണെന്ന് അനുനിമിഷം തെളിയിക്കുന്ന ഗവര്‍ണര്‍ക്ക് ഭരണഘടനാ പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് ഗവര്‍ണര്‍ സ്വയം രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.