ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മുസ് ലിം വിരുദ്ധ ആക്രമണം റിപോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകള്‍ക്ക് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും. എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. രാജ്യസഭയില്‍ മറ്റു നടപടികള്‍ മാറ്റിവച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം നോട്ടീസ് നല്‍കിയിട്ടുണ്ട്. അടിയന്തരപ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സംഭവത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടാനും പ്രതിപക്ഷം ശ്രമിക്കും.
ലോക്‌സഭയില്‍ ഇന്നത്തെ അജണ്ടയില്‍ ഡല്‍ഹി കലാപം സംബന്ധിച്ച ഹ്രസ്വ ചര്‍ച്ചയിലും മാധ്യമവിലക്ക് പരാമര്‍ശിക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. രാജ്യസഭയില്‍ നാളെയാണ് ചര്‍ച്ച നടക്കുക. കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് രണ്ടു മലയാളം ചാനലുകള്‍ക്ക് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയത്. ചാനലുകളിലെ വാര്‍ത്താസംപ്രേഷണം മുടങ്ങിയതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.