തിരുവനന്തപുരം: കേരള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം റിപോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യവിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. മാധ്യമസ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമാണിത്. കൈരളി, ജയ്ഹിന്ദ്, മീഡിയാ വണ്‍, റിപോര്‍ട്ടര്‍ ടിവി എന്നീ ചാനലുകളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിലക്കിയത്. ഗവര്‍ണര്‍ തന്നെ നിര്‍ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയില്‍ നല്കിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയില്‍.
ഒരുവിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവന് പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടര്‍ന്നാല്‍ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോവാന്‍ നിര്‍ബന്ധിതരാവുമെന്ന് കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര് കിരണ്‍ ബാബുവും അറിയിച്ചു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് രാവിലെ നടത്തിയ പ്രതികരണവും പ്രതിഷേധാര്‍ഹമാണ്. തൊഴിലിന്റെ ഭാഗമായി വാര്‍ത്താശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ വേഷം മാറിവരുന്ന വ്യാജന്മാര് എന്ന തരത്തില്‍ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ആരുടെയും കേഡര്‍മാരല്ല. അത്യന്തം ദൗര്‍ഭാഗ്യകരമായ ഈ പ്രസ്താവന പിന്‍വലിക്കണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെടുന്നു. രാഷ്ട്രീയം അടക്കം വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന മാധ്യമങ്ങളില്‍ തൊഴിലെടുക്കുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍. റിപോര്‍ട്ടിങ്ങിന് അടക്കം ഒന്നിച്ചുതന്നെയാണ് പോവുന്നതും. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലെ ഈ ഐക്യം തകര്‍ക്കാനുളള നീക്കമായിട്ട് കൂടിയേ ഇതിനെ വിലയിരുത്താനാവൂ. ഇതിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ യോജിച്ചുനിന്ന് പോരാടുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.