വിദ്വേഷത്തിന്റെ വിഷം പുരട്ടുന്നവര്‍- 3: മദ്‌റസാധ്യാപകരുടെ പേരില്‍ പെരുങ്കള്ളം; വിദ്വേഷപ്രചാരണത്തിന് ചൂട്ടുപിടിച്ച് സര്‍ക്കാര്‍

ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രധാന തസ്തികകളിലെല്ലാം അമുസ്‌ലിം ഉദ്യോഗസ്ഥരാണെന്ന വസ്തുത മറച്ചുവച്ചാണ് പി സി ജോര്‍ജ് പച്ച വര്‍ഗീയത വിളിച്ചുപറഞ്ഞത്. ഉന്നതവിദ്യാസ വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ ഒരിടത്തുമാത്രമാണ് മുസ്‌ലിം വിസിയുള്ളത്. മന്ത്രി കെ ടി ജലീലിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.

Update: 2021-01-19 06:09 GMT

പി സി അബ്ദുല്ല

കോഴിക്കോട്: 'കൂട്ടാന്‍ മത്തിത്തല; കേള്‍ക്കാന്‍ അയക്കൂറ' എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കുന്നവരാണ് കേരളത്തിലെ മദ്‌റസാധ്യാപകര്‍. പട്ടിണിയും പരിവട്ടവുമായി ജീവിതം തള്ളിനീക്കുന്ന മുഅല്ലിം സമൂഹം സര്‍ക്കാരില്‍നിന്ന് കോടികള്‍ ശമ്പളമായി കൈപ്പറ്റുന്നുവെന്നാണ് സമുദായ വിരോധികള്‍ പറഞ്ഞുപരത്തുന്നത്.

വാസ്തവത്തില്‍, മദ്‌റസ അധ്യാപകരോളം അവഗണന നേരിടുന്ന വിഭാഗങ്ങള്‍ വേറെയില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന മദ്‌റസാധ്യാപക ക്ഷേമ നിധി ഇപ്പോഴും പ്രഹസനമാണ്. പെന്‍ഷനും കിട്ടാക്കനി. മാറി മാറിവരുന്ന സര്‍ക്കാരുകളുടെ ആത്മാര്‍ഥതയില്ലായ്മയില്‍ നടപ്പിലാവാതെ പോവുന്ന മുഅല്ലിം ക്ഷേമപ്രഖ്യാപനങ്ങള്‍. കൊവിഡ് കാലത്ത് എല്ലാ സംഘടിത, അസംഘടിത വിഭാഗങ്ങളെയും തേടിയെത്തിയ പിണറായിയുടെ സാമ്പത്തിക സഹായം പോലും മഹാഭൂരിഭാഗം മദ്‌റസാ അധ്യാപകര്‍ക്കും ലഭിച്ചില്ല.

പക്ഷേ, ആ ഹതഭാഗ്യരുടെ പേരില്‍ സംഘപരിവാരവും ക്രൈസ്തവരിലെ ചില വിദ്വേഷഗ്രൂപ്പുകളും ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് കല്ലുവച്ച നുണകളാണ്. കേരളത്തിലെ 2,04,683 മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പ്രതിമാസം 25,000 രൂപ വീതം ശമ്പളമായി നല്‍കുന്നുവെന്നാണ് പ്രചാരണം.

കേരളത്തിലെ മദ്‌റസാധ്യാപകര്‍ക്ക് ചില്ലിക്കാശ് സര്‍ക്കാര്‍ ശമ്പളമായി നല്‍കുന്നില്ല. സംസ്ഥാനത്ത് ഒരു മദ്‌റസാധ്യാപകന് ശരാശരി ശമ്പളമായി ലഭിക്കുന്ന 5,000 രൂപ മഹല്ലുകമ്മിറ്റികളും മദ്‌റസാ മാനേജുമെന്റുകളുമാണ് നല്‍കുന്നത്. കേരളത്തിലെ മദ്‌റസകളുടെ പ്രവര്‍ത്തനത്തിലും അധ്യാപകരുടെ വേതനത്തിലും ഒരു നയാപൈസയും നാളിതുവരെ സര്‍ക്കാരിന്റെ വിഹിതമില്ല.

ഇക്കാര്യങ്ങള്‍ മറ്റാരേക്കാളുമറിയുന്ന മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും പക്ഷേ, മദ്‌റസാധ്യാപകരുടെ പേരില്‍ നടക്കുന്ന കൊണ്ടുപിടിച്ച നുണകളെക്കുറിച്ച് മിണ്ടുന്നില്ല. സംഘപരിവാരവും ജനം ടിവിയും സെന്‍കുമാറും ക്രൈസ്തവ ഗ്രൂപ്പുകളും മദ്‌റസാധ്യാപകരുടെ പേരില്‍ നടത്തുന്ന കടുത്ത വര്‍ഗീയപ്രചാരണങ്ങളുടെ തെളിവുകള്‍ സര്‍ക്കാരിന്റെയും പോലിസിന്റെയും കൈവശമുണ്ട്.

മദ്‌റസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ഒറ്റവരി പ്രസ്താവനയിറക്കിയാല്‍ മുനയൊടിയുന്ന വിദ്വേഷപ്രചാരണം സര്‍ക്കാരിന്റെ മൗനത്തിലാണ് ഇപ്പോള്‍ വിളവെടുക്കുന്നത്. പി എസ് ശ്രീധരന്‍പിള്ള വഴി പ്രധാനമന്ത്രിയുടെ ദര്‍ബാറിലെത്തിയ ക്രൈസ്തവ പുരോഹിതരുടെ നിവേദനങ്ങളില്‍ മുഖ്യമായി ഇടംനേടിയതും മദ്‌റസാധ്യാപകര്‍ക്കെതിരായ നുണകളാണെന്നാണ് സൂചന. ഇക്കാര്യത്തില്‍ പിണറായി അടക്കമുള്ളവരുടെ മൗനം യാദൃച്ഛികമാവാനിടയില്ല.

മുസ്‌ലിം സമുദായത്തിനെതിരായ ചില വിഭാഗങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ് യുഡിഎഫിനെതിരായ ഇടതുമുന്നണിയുടെയും പിണറായിയുടെയും പുതിയ ഊര്‍ജവും വോട്ടുബാങ്കും എന്ന നിലയിലാണ് കാര്യങ്ങള്‍. നിയമസഭാ തിരഞ്ഞെടുപ്പുവരെ അത് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് വിദ്വേഷപ്രചാരണങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിയും പോലിസുമൊന്നും രംഗത്തുവരാത്തതെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍പടി വരെ പോവേണ്ട കാര്യമില്ല.

മുസ്‌ലിമായ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ പ്യൂണ്‍ മുതല്‍ ഐഎഎസുകാരായ സെക്രട്ടറിമാര്‍ വരെ മുസ്‌ലിംകള്‍ മാത്രമാണെന്ന് പൊതുവേദിയില്‍ വിളിച്ചുപറഞ്ഞത് ഒരു എംഎല്‍എയാണ്. മുഖ്യമന്ത്രിക്കു കീഴിലുള്ള 14 ജില്ലാ കലക്ടര്‍മാരില്‍ പകുതി പേരും മുസ്‌ലിംകളാണെന്ന നുണ പ്രചരിപ്പിച്ചതും ഈ എംഎല്‍എ തന്നെ.

ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രധാന തസ്തികകളിലെല്ലാം അമുസ്‌ലിം ഉദ്യോഗസ്ഥരാണെന്ന വസ്തുത മറച്ചുവച്ചാണ് പി സി ജോര്‍ജ് പച്ച വര്‍ഗീയത വിളിച്ചുപറഞ്ഞത്. ഉന്നതവിദ്യാസ വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ ഒരിടത്തുമാത്രമാണ് മുസ്‌ലിം വിസിയുള്ളത്. മന്ത്രി കെ ടി ജലീലിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് ഐഎഎസ്, അഡീഷനല്‍ സെക്രട്ടറിമാരായ വീണ എന്‍ മാധവന്‍ ഐഎഎസ്, ആര്‍ വിജയകുമാര്‍, സി അജയന്‍, ജോയിന്റ് സെക്രട്ടറിമാരായ എസ് തരുണ്‍ലാല്‍, ജി ഹരികുമാര്‍, അണ്ടര്‍ സെക്രട്ടറിമാരായ എസ് ശ്രീകല, കെ കെ രാജേഷ്‌കുമാര്‍, പി സ്വപ്‌ന, വി ബാലസുബ്രഹ്മണ്യന്‍, ഇ എസ് ശ്രീദേവി, സെക്ഷന്‍ ഓഫിസര്‍മാരായ ബി ജയകുമാര്‍, എസ് രേഖ, എ ജോസ്, ടി അനില്‍കുമാര്‍, പ്രിയദര്‍ശിനി മോഹന്‍ദാസ്, എം എസ് മനോജ് കുമാര്‍, എസ് സംഗീത, ഒ രാധാമണി അമ്മ, ജി വിനീഷ് കുമാര്‍, എസ് പി രാകേഷ്, തപാല്‍ സെക്ഷന്‍ ഓഫിസ് സൂപ്രണ്ട് വല്‍സല എന്നിവരെയെല്ലാം മുസ്‌ലിംകളാക്കിയാണ് ജോര്‍ജ് പച്ചക്കള്ളം വിളിച്ചുപറഞ്ഞത്.

ജോര്‍ജിന്റെ വിദ്വേഷപ്രചാരണം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നിജസ്ഥിതി വെളിവാക്കുന്ന ഒരു പ്രതികരണവും സര്‍ക്കാരില്‍നിന്നുണ്ടായില്ല. അതുകൊണ്ടുതന്നെ പി സി ജോര്‍ജിന്റെ പെരുംനുണകള്‍ ഇപ്പോഴും വിദ്വേഷികള്‍ മുസ്‌ലിം സമുദായത്തിനെതിരേ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സ്വര്‍ണക്കടത്ത് വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരായ ആരോപണങ്ങളെ വിശുദ്ധ ഖുര്‍ആനെ വലിച്ചിഴച്ച് പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും വക്താക്കളും ചാടിപ്പുറപ്പെട്ടിരുന്നു. സംഘപരിവാരത്തിന് അത് വളമാവുകയും ചെയ്തു.

എന്നാല്‍, ജലീലിനെ സിമിക്കാരനാക്കിയും ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ മുസ്‌ലിം ക്ഷേമവകുപ്പാക്കിയും ക്രൈസ്തവ സഭകള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരേ പിണറായിയോ പാര്‍ട്ടിയോ ഒരക്ഷരമുരിയാടുന്നില്ല. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെ മുസ്‌ലിം തീവ്രവാദിയായി വിശേഷിപ്പിച്ച് കത്തോലിക്കാ സഭയുടെ ഔദ്യോഗിക മുഖപത്രത്തിലാണ് കഴിഞ്ഞദിവസം ലേഖനം വന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ അത് പ്രധാന വാര്‍ത്തയാക്കിയിട്ടും പിണറായിയും എ വിജയരാഘവനമൊക്കെ പൂര്‍ണമൗനത്തിലാണ്. കള്ളക്കടത്ത് വിവാദത്തിലേക്ക് വിശുദ്ധ ഖുര്‍ആനെ വലിച്ചിഴച്ച് പരിചയാക്കാന്‍ രംഗത്തുവന്ന സിപിഎമ്മും സര്‍ക്കാരും ജലീലിനെതിരായ സിമി ആരോപണത്തില്‍ മൗനം പാലിക്കുന്നത് പുതിയ വോട്ടുബാങ്ക് ഇടയന്‍മാരെ തൃപ്തിപ്പെടുത്തുന്ന തന്ത്രത്തിന്റെ ഭാഗമാണെന്ന് പകല്‍ പോലെ വ്യക്തം.

(നാളെ: മുഖം വാടിയ മുഅല്ലിം സമൂഹം; മുനയൊടിയാതെ നുണപ്രചാരണങ്ങള്‍)

Tags:    

Similar News