വിഎസ്സിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധസംഘമടങ്ങുന്ന ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് അദ്ദേഹം.
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വിഎസ്സിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിലുണ്ടായ അണുബാധ ഇപ്പോള്‍ മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്.
ആരോഗ്യനില തൃപ്തികരമാണ്. ന്യൂറോളജി, ന്യൂറോ സര്‍ജറി, അനസ്‌തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധസംഘമടങ്ങുന്ന ഡോക്ടര്‍മാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് അദ്ദേഹം. ആശുപത്രി ജീവനക്കാര്‍ അടക്കമുള്ള സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസ്സവും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളും കണ്ടതിനെത്തുടര്‍ന്ന് വിഎസ്സിനെ പട്ടം എസ്‌യുടി റോയല്‍ ആശുപത്രി ഐസിയുവിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധചികില്‍സയ്ക്കായി ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.