കേരളത്തിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം: 'മഹ' ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാൽ കേരള തീരത്ത് മൽസ്യബന്ധനത്തിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും തിരിച്ചു വിളിച്ചതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഇനിയുള്ള സമയങ്ങളിലും കടൽ അതിപ്രക്ഷുബ്ധവസ്ഥയിൽ തുടരുന്നതാണ്. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വിവിധയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാൽ അടച്ചുറപ്പുള്ള മേൽക്കൂരയില്ലാത്ത വീടുകളിൽ താമസിക്കുന്നവർക്ക് വേണ്ടി സുരക്ഷിതമായ ക്യാമ്പുകൾ ആരംഭിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് നിർദേശം നൽകി. അത്തരം വീടുകളിൽ താമസിക്കുന്നവർ മുൻകരുതലിന്റെ ഭാഗമായി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം. തീവ്രന്യൂനമർദത്തിന്റെ പ്രഭാവം രാത്രിയിലും തുടരാനുള്ള സാധ്യത മുന്നിൽകണ്ട് മുൻകരുതലുകൾ സ്വീകരിക്കണം.
അപകടാവസ്ഥയിലുള്ള പോസ്റ്റുകളോ മരങ്ങളോ ശ്രദ്ധയിൽ പെടുന്നവർ അധികൃതരെ അറിയിക്കുക. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളിൽ താമസിക്കുന്നവരും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കുക. ശക്തമായ കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോർഡുകളും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ഇവയ്ക്ക് കീഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. ഇലക്ട്രിക്ക് കമ്പികൾ പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കുക. വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളിൽ ഇലക്ട്രിക്ക് ഷോക്ക് ഇല്ല എന്നുറപ്പ് വരുത്തുക. അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളെയും പ്രത്യേകം ഈ കാര്യത്തിൽ ശ്രദ്ധിക്കുക. എന്തെങ്കിലും അപകടാവസ്ഥ ശ്രദ്ധയിൽ പെട്ടാൽ ഉടനെ കെഎസ്ഇബിയുടെ കൺട്രോൾ റൂം 1912 നമ്പറിൽ അറിയിക്കുക.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വൈകുന്നേരങ്ങളിലെ കനത്ത മഴ താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കേരളത്തിലെ മുഴുവൻ ജില്ലകളിലും 24 മണിക്കൂറും അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും ടോൾ ഫ്രീ നമ്പറായ 1077 ബന്ധപ്പെടുക. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുന്ന പശ്ചാത്തലത്തിൽ പൊടുന്നനെയുണ്ടാകാൻ സാധ്യതയുള്ള മിന്നൽ പ്രളയങ്ങളും വെള്ളക്കെട്ടും പ്രതീക്ഷിക്കേണ്ടതാണ്.