ഇടമലയാര്‍ അണക്കെട്ട് നാളെ രാവിലെ തുറക്കും;പെരിയാര്‍ തീരത്ത് ജാഗ്രത വേണം

ഇടുക്കി ചെറുതോണി ഡാം തുറന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും ജില്ലയില്‍ പെരിയാറിലും കൈവഴികളിലും നിലവിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല.ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നുമുള്ള വെള്ളം മൂലം നാളെ ഉച്ചയോടെ പെരിയാറില്‍ ജലനിരപ്പ് ചെറിയ തോതില്‍ ഉയരുമെന്നാണ് വിലയിരുത്തല്‍

Update: 2022-08-08 09:33 GMT

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ രാവിലെ പത്തു മണിക്ക് ഉയര്‍ത്തി 50 മുതല്‍ 100 ക്യുമെക്‌സ് വരെ ജലം പെരിയാറിലേക്കൊഴുക്കുമെന്നും പെരിയാര്‍ തീരത്ത് ജാഗ്രത വേണമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്.ഇടുക്കി വൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും ജില്ലയില്‍ പെരിയാറിലും കൈവഴികളിലും നിലവിലെ ജലനിരപ്പില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല.

50 ക്യൂമെക്‌സ് വെള്ളമാണ് ഇന്ന് രാവിലെ 10 മണി വരെ ഡാമില്‍ നിന്ന് പുറത്തേക്ക് വിട്ടിരുന്നത്. അത് 200 ക്യുമെക്‌സ് ആയി നിലവില്‍ ഉയര്‍ത്തിയിട്ടുണ്ട്. പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് ഇന്നു വൈകുന്നേരത്തോടെ 300 ക്യൂമെക്‌സ് ആയി വര്‍ധിപ്പിക്കും. നാളെയോടെ ജലത്തിന്റെ അളവ് 500 ക്യുമെക്‌സിലേക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.ഇടുക്കിയില്‍ നിന്നും ഇടമലയാറില്‍ നിന്നുമുള്ള വെള്ളം മൂലം നാളെ ഉച്ചയോടെ പെരിയാറില്‍ ജലനിരപ്പ് ചെറിയ തോതില്‍ ഉയരുമെന്നാണ് വിലയിരുത്തല്‍.

പെരിയാര്‍ തീരത്ത് ജാഗ്രത വേണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അധികൃതര്‍ നല്‍കുന്ന അറിയിപ്പുകള്‍ പാലിക്കണം. പെരിയാര്‍ തീരത്തെ എല്ലാ പഞ്ചായത്തുകളിലും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി മുന്നറിയിപ്പുകള്‍ നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.ഭൂതത്താന്‍ കെട്ട് അണക്കെട്ടിന് താഴേക്കുള്ള പെരിയാര്‍ തീരങ്ങളിലൊന്നും തന്നെ നിലവില്‍ വെള്ളക്കെട്ട് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് ദിവസവും ഗ്രീന്‍ അലര്‍ട്ട് ആണ് നിലനില്‍ക്കുന്നത്. അത് കൊണ്ടു തന്നെ കൂടുതല്‍ അളവില്‍ വെള്ളം തുറന്നു വിട്ടാലും അപകടകരമായ രീതിയിലേക്ക് ജലനിരപ്പ് ഉയരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലെന്നും കലക്ടര്‍ വ്യക്തമാക്കി.

Tags:    

Similar News