അട്ടപ്പാടിയില്‍ കനത്ത മഴ; ചുരം റോഡില്‍ മലവെള്ളം, മരങ്ങള്‍ കടപുഴകി, ഗതാഗതം തടസ്സപ്പെട്ടു
പാലക്കാട്: അട്ടപ്പാടിയില്‍ കനത്ത മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. മലവെള്ളപ്പാച്ചിലില്‍ ഗതാഗതം തടസ്സപ്പെടുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ചുരം റോഡിലേക്ക് മലവെള്ളം ഒലിച്ചിറങ്ങിയതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. മണ്ണാര്‍ക്കാട് ആശുപത്രിയിലേക്കുള്ള രോഗികളടക്കം നിരവധി പേര്‍ വഴിയില്‍ കുടുങ്ങി. മന്ദന്‍പൊട്ടി ഭാഗത്താണ് സംഭവം. ഇവിടെ മന്ദന്‍പൊട്ടി പാലത്തിന് മുകളിലൂടെയാണ് നിലവില്‍ വെള്ളമൊഴുകുന്നത്.
വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയിരിക്കാമെന്നും ഇത് മലവെള്ളപ്പാച്ചിലിലേക്ക് നയിച്ചതാവാമെന്നുമാണ് വിവരം. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിതീവ്ര മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വരുന്ന നാല് ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.