തിരുവനന്തപുരത്ത് കനത്ത മഴ, റെഡ് അലർട്ട്; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണു പുതിയ കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് ശക്തി പ്രാപിച്ചു ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് ചുഴലിക്കാറ്റായി മാറാനിടയുണ്ട്.
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ റെഡ് അലർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണു കേന്ദ്ര കാലാവസ്ഥ വിഭാഗം പ്രവചിച്ചിരിക്കുന്നത്. വിതുര, പൊന്‍മുടി, നെടുമങ്ങാട്, പാലോട് തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. പല സ്ഥലത്തും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
തിരുവനന്തപുരം-നാഗര്‍ കോവില്‍ റെയില്‍വേ പാതയിൽ പാറശ്ശാല, എരണി, കുഴിത്തുറ എന്നിവിങ്ങളില്‍ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു. കന്യാകുമാരി-നാഗർകോവിൽ പാതയില്‍ ട്രാക്കില്‍ വെള്ളം കയറുകയും ചെയ്തു. ഇതോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍- കോട്ടയം പാസഞ്ചര്‍, നാളെ പുറപ്പെടേണ്ട ചെന്നൈ എഗ്‌മോർ-ഗുരുവായൂര്‍ എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. ഐലന്‍ഡ്, അനന്തപുരി എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ 10 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
തിരുവനന്തപുരത്തു നിന്ന് യാത്ര തുടങ്ങുന്ന കന്യാകുമാരി -ബെംഗളുരു ഐലൻഡ് എക്‌സ്‌പ്രസ് തിരികെ വന്ന് ഇവിടെ തന്നെ സർവിസ് അവസാനിപ്പിക്കും. ചെന്നൈ എഗ്‌മോർ – കൊല്ലം അനന്തപുരി എക്‌സ്‌പ്രസ് നാഗർകോവിൽ വരെ മാത്രമാണു സർവിസ് നടത്തുക. ഇന്നു നാഗർകോവിലിൽനിന്നാണു ട്രെയിൻ പുറപ്പെടുക. തിരുച്ചിറപ്പള്ളി ഇന്റര്‍സിറ്റി എക്‌സ്‌പ്രസും നാഗര്‍ കോവിലില്‍നിന്നാണ് പുറപ്പെടുക.
ഗുരുവായൂർ – ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ് നെയ്യാറ്റിൻകരയിൽ സർവിസ് അവസാനിപ്പിക്കും. നാഗർകോവിൽ – മംഗളുരു പരശുറാം എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് നിന്നും കന്യാകുമാരി – ഹൗറ പ്രതിവാര ട്രെയിൻ നാഗർകോവിലിൽനിന്നുമാണ് യാത്ര ആരംഭിക്കുക. ചെന്നൈ എഗ്‌മോർ – കന്യാകുമാരി എക്‌സ്‌പ്രസ് നാഗർകോവിൽ വരെ മാത്രമാണു സർവിസ് നടത്തുക.
ഇന്നലെ രാത്രി മുതല്‍ മഴ പെയ്യുന്ന വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞു. ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലായി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്കു മുകളില്‍ മണ്ണിടിഞ്ഞു വീണു. ദേശീയപാതയിൽ നെയ്യാറ്റിന്‍കര ടിബി ജങ്ഷനിൽ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് ഭാഗികമായി പുഴയിയിലേക്ക് ഇടിഞ്ഞു. ഇതുകാരണം തിരുവനന്തപുരത്തേക്കും നാഗര്‍കോവിലിലേക്കുമുള്ള വാഹനങ്ങള്‍ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്.
അതേസമയം, വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുകയാണ്. അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ 400 സെന്റിമീറ്റര്‍ ഉയര്‍ത്തി. ഉച്ചയ്ക്കു രണ്ടിനു 60 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ നവ്‌ജോത് ഖോസെ അറിയിച്ചു.
മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണു പുതിയ കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് ശക്തി പ്രാപിച്ചു ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. ഇത് ചുഴലിക്കാറ്റായി മാറാനിടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു ചെന്നൈയുടെ കരയില്‍ പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം ദുര്‍ബലമായി വീണ്ടും അറബിക്കടലില്‍ പ്രവേശിക്കാനും തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ചു കേരള തീരത്ത് ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.