കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയിൽ വ്യാപകനാശം

കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, പുനലൂർ, ഏരൂർ, കുളത്തുപ്പുഴ മേഖലകളിലാണ് നാശനഷ്ടമുണ്ടായത്.

Update: 2020-08-06 05:30 GMT

കൊല്ലം: കനത്ത മഴയിലും കാറ്റിലും കൊല്ലം ജില്ലയിൽ വ്യാപക നാശം. വെള്ളം കയറിയും മരങ്ങൾ കടപുഴകിയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണ്ടും നിരവധി വീടുകൾ തകരുകയും കൃഷിയിടങ്ങൾ വൻതോതിൽ നശിക്കുകയും ചെയ്തു. കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ, പുനലൂർ, ഏരൂർ, കുളത്തുപ്പുഴ മേഖലകളിലാണ് കനത്ത മഴയിൽ നാശനഷ്ടമുണ്ടായത്. മരം പിഴുത് വീണ് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

ശക്തമായ കാറ്റിലും മഴയിലും പുനലൂർ, കരവാളൂർ, അഞ്ചൽ, ഏരൂർ മേഖലകളിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. നിരവധി വീടുകളുടെ മുകളിലേക്ക് മരം വീണു. ചില വീടുകളുടെ മേൽക്കൂര പറന്നു പോയി. വാഴയും, മരച്ചീനിയും ഉൾപ്പെയുള്ള കാർഷിക വിളകൾ കടപുഴകിയും വെള്ളം കയറിയും നശിച്ചു. ഓണത്തിനായി കൃഷി ചെയ്തിരുന്ന നിരവധി പേരുടെ പകുതി വിളയെത്തിയ വാഴകൾ ഒടിഞ്ഞു വീണു. പല സ്ഥലങ്ങളിലെയും തോടുകളും പുഴകളും നിറഞ്ഞൊഴുകുന്നു.

തെക്കേ നെട്ടയം ഈയ്യം കുന്നു വീട്ടിൽ ബിജുവിൻ്റെ വീടിൻ്റെ മുകളിലേയ്ക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു. രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കരവാളൂർ പുത്തൂത്തടം ജങ്ഷനിൽ തേക്കുമരം ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

പുനലൂർ താലൂക്കിലെ പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ലൈൻ കമ്പികൾ പൊട്ടിയും പോസ്റ്റുകൾ കടപുഴകിയും പരക്കെ നാശനഷ്ടമുണ്ടായി. പുനലൂർ, കരവാളൂർ, അഞ്ചൽ, ഏരൂർ മേഖലകളിൽ പലയിടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.

സംസ്ഥാനത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാപകമായ നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മലയോര മേഖലകൾ ഉരുൾപ്പൊട്ടൽ ഭീഷണയിലുമാണ്. 

കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക് ദേശീയ ജല കമ്മീഷൻ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പ് നൽകി. പ്രളയസാധ്യത മുന്നിൽ കണ്ട് ജില്ലാ ഭരണകൂടങ്ങൾ വലിയ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ ക്യാമ്പുകളേക്കാൾ പ്രധാന്യം നൽകുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക് എത്തിക്കുന്നതിനാണ്.

Tags:    

Similar News