തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം വർധിക്കുന്നു; കോര്‍പറേഷന്‍ പരിധിയില്‍ ലോക്ക് ഡൗണ്‍ നീട്ടി

ഇന്നലെരോഗം സ്ഥിരീകരിച്ച 222 പേരിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്.

Update: 2020-07-20 05:00 GMT

തിരുവനന്തപുരം: ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർധന തുടരുന്നു. ഇന്നലെരോഗം സ്ഥിരീകരിച്ച 222 പേരിൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്.

അതിനിടെ തിരുവനന്തപുരം ജില്ലയിൽ ഇന്നലെ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. ജയചന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഒമ്പതാമത്തെ കൊവിഡ് മരണമാണിത്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 43 ആയി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ജൂലൈ 28 അര്‍ദ്ധരാത്രിവരെ ലോക്ക് ഡൗണ്‍ നീട്ടിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് നിയന്ത്രണങ്ങള്‍ ബാധകം. അക്കൗണ്ട് ജനറല്‍ ഓഫീസ് 30 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ നടക്കുന്ന മെഡിക്കല്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാം. എന്നാല്‍ നിര്‍മാണ മേഖലയ്ക്കുള്ളില്‍ ക്യാമ്പുകളില്‍ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിയ്ക്കായി നിയോഗിക്കാന്‍ പാടുള്ളു. ഇവരെ നിര്‍മാണ മേഖലയ്ക്കു പുറത്തുവിടാന്‍ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലുള്ളതു പോലെ തുടരുമെന്നും കലക്ടര്‍ അറിയിച്ചു.

പുന്തൂറ, പുല്ലുവിള, അഞ്ചുതെങ്ങ് തുടങ്ങിയ തീരമേഖലകൾക്ക് പുറമെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുകയാണ്. നഗരത്തിൽ പേരൂർക്കട, വട്ടിയൂർക്കാവ്, വഞ്ചിയൂർ, ശാസ്‌തമംഗലം, കാലടി, ദേവസ്വം ബോർഡ് ജംഗ്ഷൻ എന്നിവിടങ്ങളിലും രോഗബാധയുണ്ടായി. സമ്പർക്ക രോഗികളുടെ എണ്ണത്തിലെ വർധന വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേ സമയം രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ഫസ്റ്റ് ലൈൻ സെന്‍ററുകൾ ഒരുക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. ജില്ലയിൽ ഇന്നലെ മാത്രം രോഗലക്ഷണങ്ങളുമായി 200 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 2006 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 1506 വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.

പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ മേക്കൊല്ല (വാർഡ് നം. 9 ), നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വെഞ്ഞാറമ്മൂട് (വാർഡ് നം. 7)എന്നീ വാർഡുകളെയും കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം.

Tags:    

Similar News