പത്തനംതിട്ട: ഓമല്ലൂരിലെ ഹോട്ടല്‍ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി എച്ച്‌ഐവി ബാധിതനെന്ന് കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ 19 കാരനാണ് ഹെല്‍ത്ത് കാര്‍ഡിനായുള്ള പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പ് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഓമല്ലൂരിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല എന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉടന്‍ എടുക്കണമെന്നും എലിസാ ടെസ്റ്റ് നിര്‍ബന്ധമാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് ഹോട്ടല്‍ ഉടമകള്‍ ജീവനക്കാര്‍ക്ക് പരിശോധനകള്‍ നടത്താന്‍ തയ്യാറായത്.
ഇന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഓമല്ലൂരിലെ ഒരു ഹോട്ടലില്‍ പാചക ജോലികളിലേര്‍പ്പെട്ടിരുന്ന 19കാരനായ ബംഗാളി യുവാവിന് എച്ച്‌ഐവി ബാധ ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഹോട്ടല്‍ ഉടമ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് പരിശോധിച്ചപ്പോഴും എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ഓമല്ലൂരിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ശന നിലപാടാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിക്കുന്നതിന് കാരണമായത്. പല പഞ്ചായത്തുകളിലും ഹെല്‍ത്ത് കാര്‍ഡിന് എച്ച്‌ഐവി പരിശോധന കര്‍ശനമാക്കാറില്ല.