ലോക്ക് ഡൗണില്‍ സേവനങ്ങളുമായി ഹോര്‍ട്ടികോര്‍പ്പ്; കര്‍ഷകര്‍ക്ക് വിളിക്കാം
അവശ്യസര്‍വീസായി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെ ഹോര്‍ട്ടികോര്‍പ്പിന്റെ സേവനങ്ങള്‍ ജില്ലയില്‍ കര്‍ഷകനു ലഭ്യമാണ്.
തിരുവനന്തപുരം: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും സേവനങ്ങളുമായി ഹോര്‍ട്ടികോര്‍പ്പ് സജീവമാണ്. കൃഷിചെയ്ത പച്ചക്കറികള്‍ ലോക്ഡൗണ്‍ മൂലം വിപണിയിലെത്തിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കര്‍ഷകരില്‍നിന്ന് ഹോര്‍ട്ടികോര്‍പ്പ് കര്‍ഷകരുടെ അടുത്തെത്തി പച്ചക്കറികള്‍ ശേഖരിക്കുന്നു. കൃഷിഓഫീസില്‍ നിന്നോ കര്‍ഷകരില്‍ നിന്നു നേരിട്ടോ അറിയിപ്പ് ലഭിക്കുന്ന പ്രകാരം കര്‍ഷകന്റെ അടുത്തെത്തി പച്ചക്കറികള്‍ ശേഖരിക്കുകയും അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നു. ഹോര്‍ട്ടികോര്‍പ്പിന്റെ വാഹനങ്ങളിലെത്തിയാണു പച്ചക്കറികള്‍ ശേഖരിക്കുന്നത്. 9048998558, 04734 238191 നമ്പറുകളില്‍ കര്‍ഷകര്‍ക്ക് വിളിക്കാം.
അവശ്യസര്‍വീസായി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ചുവരെ ഹോര്‍ട്ടികോര്‍പ്പിന്റെ സേവനങ്ങള്‍ ജില്ലയില്‍ കര്‍ഷകനു ലഭ്യമാണ്.
കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കാവശ്യമായ പച്ചക്കറികളും ഹോര്‍ട്ടികോര്‍പ്പ് മുഖേന ലഭ്യമാക്കുന്നുണ്ട്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ സമ്മതപത്രം ലഭിക്കുകയാണെങ്കില്‍ മൂന്നുശതമാനം വിലക്കുറവില്‍ പച്ചക്കറികള്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നല്‍കും. അധിക ദിവസം കേടാകാതെ സൂക്ഷിക്കാന്‍ പറ്റാത്ത പച്ചക്കറികള്‍ അനാധാലയങ്ങള്‍ക്കു നല്കും.
'എഎം നീഡ്‌സ്' എന്ന ആപ്പ് വഴി വീടുകളിലേക്ക് പച്ചക്കറികള്‍ നേരിട്ടെത്തിക്കുന്ന സംവിധാനം ജില്ലയില്‍ ആരംഭിക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു പ്രകാരം അവശ്യമായ പച്ചക്കറികള്‍ വാങ്ങുവാന്‍ ആളുകള്‍ കടകളിലെത്തേണ്ട കാര്യമില്ല. ഓര്‍ഡര്‍ പ്രകാരം പച്ചക്കറികള്‍ വീടുകളില്‍ എത്തിക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഈ സേവനം ലഭ്യമാണ്.