തീവ്രപരിചരണ വിഭാഗത്തില്‍ സി സി ടി വി പ്രായോഗികമല്ലെന്ന് മനുഷ്യാവകാശ കമ്മീഷനോട് ആരോഗ്യവകുപ്പ്

ചികില്‍സാ പരിജ്ഞാനമില്ലാത്തവര്‍ ഇത്തരം ചികില്‍സകള്‍ സി സി ടി വിയിലൂടെ കാണുന്നത് അഭികാമ്യമല്ല. രോഗിയുടെ ബന്ധുക്കളല്ലാത്തവര്‍ ചികില്‍സയുടെ വിശദാംശങ്ങള്‍ കാണുന്നത് രോഗിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചു

Update: 2019-03-19 12:25 GMT

കൊച്ചി: ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ സി സി ടി വി കാമറകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ നടക്കുന്ന ചികില്‍സകള്‍ ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ക്ക് അടിയന്തിരമായി നല്‍കേണ്ടിവരുന്നതാണെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ചികില്‍സാ പരിജ്ഞാനമില്ലാത്തവര്‍ ഇത്തരം ചികില്‍സകള്‍ സി സി ടി വിയിലൂടെ കാണുന്നത് അഭികാമ്യമല്ല. രോഗിയുടെ ബന്ധുക്കളല്ലാത്തവര്‍ ചികില്‍സയുടെ വിശദാംശങ്ങള്‍ കാണുന്നത് രോഗിയുടെ സ്വകാര്യതയെ ബാധിക്കും. തീവ്ര പരിചരണ വിഭാഗത്തില്‍ സി സി ടി വി സ്ഥാപിച്ചാല്‍ ടി വി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് വരുന്നവര്‍ക്കെല്ലാം ചികില്‍സാ ദൃശ്യങ്ങള്‍ കാണാനാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരും. ഏതുതരം ചികില്‍സയാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ടത് വിദഗ്ദ്ധരായ ഡോക്ടര്‍മാരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. സി സി ടി വിയിലൂടെ അത്തരം കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.അതേ സമയം എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ മൃതദേഹത്തെ ചികില്‍സിച്ചെന്ന വാര്‍ത്തയെ കുറിച്ച് അനേ്വഷിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടില്ലെന്ന് കൊച്ചി മേഖല ഐ ജി കമ്മീഷനെ അറിയിച്ചു. ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഐ ജി അനേ്വഷണം നടത്തിയത്. റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കേസുകള്‍ തീര്‍പ്പാക്കി.


Tags:    

Similar News