മണർകാട് കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

Update: 2019-05-22 09:01 GMT

തിരുവനന്തപുരം: മണർകാട് പോലിസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ജില്ലാ പോലിസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസിനെ ലോക്കപ്പില്‍ അടച്ചിരുന്നില്ല. രാവിലെ 9.13ന് നവാസ് ശുചിമുറിയിലേക്ക് പോയിട്ടും പോലിസുകാര്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഒന്നര മണിക്കൂറിനുശേഷം 10.50നാണ് നവാസ് തൂങ്ങിനില്‍ക്കുന്നത് പോലിസ് കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും. സംഭവത്തില്‍ രണ്ട് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മണര്‍കാട് പോലിസ് സ്‌റ്റേഷനിലെ സിപിഒ സെബാസ്റ്റിയന്‍ വര്‍ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡിവൈഎസ്പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ പോലിസ് മേധാവി ഹരിശങ്കറാണ് പോലിസുകാരെ സസ്‌പെന്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിക്കാനിടയായതില്‍ പോലിസുകാര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ നവാസിനെതിരേ ഇയാളുടെ ഭിന്നലിംഗക്കാരനായ സഹോദരനാണ് മണര്‍കാട് പോലിസില്‍ പരാതി നല്‍കിയത്. പോലിസെത്തി നവാസിനെ സ്‌റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇയാളെ സ്‌റ്റേഷനിലെത്തിച്ചത്. തുടര്‍ന്ന് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബന്ധുക്കളെ വിളിച്ചുവരുത്തി രാവിലെ തന്നെ ജാമ്യത്തില്‍ വിടാനായി തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ നവാസിനെ കണ്ടെത്തുന്നത്.

Tags:    

Similar News