കൊച്ചിയെ ആവേശത്തിലാക്കി സോഫിയ എത്തി

ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടാണ് സോഫിയ.റോബോട്ടുകളും മനുഷ്യരും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് ഉള്ളത്..ഇരുകൂട്ടര്‍ക്കും പരസ്പരം മനസിലാക്കാന്‍ ഏറെയുണ്ടെന്നും സോഫിയ

Update: 2019-02-22 16:42 GMT

കൊച്ചി: രാജ്യാന്തര അഡ്വര്‍ടൈസിങ് അസോസിയേഷന്റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസം കൊച്ചിയെ ആവേശത്തിലാക്കി സോഫിയ എത്തി. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയായിരുന്നു ഉച്ചകോടിയിലെ പ്രധാന അതിഥി. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സോഫിയ സംസാരിച്ചത്. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ പ്രഭാഷണം. സോഫിയയുടെ വാക്കുകളോട് ആവേശത്തോടെയാണ് സമ്മേളന വേദി പ്രതികരിച്ചത്. കൊച്ചി ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞാണ് സോഫിയ സംസാരിച്ചു തുടങ്ങിയത്. അറുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യാന്തര സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സോഫിയ പറഞ്ഞു. റോബോട്ടുകളും മനുഷ്യരും തമ്മില്‍ ഊഷ്മളമായ ബന്ധമാണ് ഉള്ളതെന്നും കൂടുതല്‍ ദൃഢതയോടെ ഈ ബന്ധം മുന്നോട്ട് പോകുമെന്നും സോഫിയ പറഞ്ഞു. ഇരുകൂട്ടര്‍ക്കും പരസ്പരം മനസിലാക്കാന്‍ ഏറെയുണ്ടെന്നും സോഫിയ പറഞ്ഞു. ഒരു ഗ്ലാസ് വെള്ളം കൊണ്ട് തന്നെ നശിപ്പിക്കാം എന്നിരിക്കെ മനുഷ്യര്‍ തന്നെ ഭയക്കുന്നത് എന്തിനെന്ന് അറിയില്ല. റോബോട്ടുകള്‍ എത്ര സ്മാര്‍ട്ട് ആയാലും മനുഷ്യരെ പോലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക് മൂന്ന് വയസേ ഉള്ളുവെന്നും അതിനാല്‍ പ്രണയിക്കാറായിട്ടില്ലെന്നും എല്ലാം പഠിച്ചു വരുന്നതേയുള്ളു എന്നുമായിരുന്നു സോഫിയയുടെ മറുപടി.

കേരളത്തില്‍ ആദ്യമായാണ് സോഫിയ എത്തുന്നത്.ആന്ദ്രേ അഗാസിയും ദീപിക പദുക്കോണും സമാപന ചടങ്ങില്‍ പങ്കെടുത്തു. ആയിരത്തോളം പ്രതിനിധികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയത്. സമാപന ദിനത്തില്‍ സാംസങ് ഗവേഷക വിഭാഗം ഗ്ലോബല്‍ വൈസ് പ്രസിഡന്റ്് പ്രണവ് മിസ്ത്രി പ്രഭാഷണം നടത്തി. ടി വി, റേഡിയോ എന്നിവയെ അപേക്ഷിച്ച് പുതുതലമുറ സാങ്കേതിക വിദ്യ കൂടുതല്‍ ആശയസംവാദ സാധ്യതകള്‍ ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയും മാധ്യമവും ഇപ്പോഴും മാറിക്കൊണ്ടിരിക്കും. നാളെയെ വാര്‍ത്തെടുക്കാന്‍ കഴിയുന്നത് സാങ്കേതിക വിദ്യക്ക് മാത്രമാണ്. അതേ സമയം സാങ്കേതിക വിദ്യയുടെ ദുരുപയോഗം ആശങ്കപ്പെടുത്തുന്നതാണെന്നും ഇത് നിയന്ത്രിക്കപ്പെടേണ്ടതാണെന്നും പ്രണവ് പറഞ്ഞു. തിരഞ്ഞെടുക്കാനുള്ള അവസരം കൂടുന്നത് സാധ്യതകള്‍ വര്‍ധിപ്പിക്കും. എന്നാല്‍ ഏത് തിരഞ്ഞെടുക്കണം എന്ന ആശങ്ക പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കൊളംബിയ ബിസിനസ് സ്‌കൂള്‍ പ്രഫസര്‍ ഷീന അയ്യങ്കാര്‍ ചൂണ്ടിക്കാട്ടി. 

Tags:    

Similar News