ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫിസ് അടിച്ചുതകര്‍ത്തു; നാലുപേര്‍ അറസ്റ്റില്‍
സ്വകാര്യകരാറുകാരനായ സൂര്യനെല്ലി സ്വദേശി ഗോപി എന്നറിയപ്പെടുന്ന രാജന്‍, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്.
ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്ത് ഓഫിസ് ഒരുസംഘമാളുകള്‍ അടിച്ചുതകര്‍ത്തു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയടക്കം അഞ്ചുജീവനക്കാര്‍ക്കു ആക്രമണത്തില്‍ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റുചെയ്തു. സ്വകാര്യകരാറുകാരനായ സൂര്യനെല്ലി സ്വദേശി ഗോപി എന്നറിയപ്പെടുന്ന രാജന്‍, ആന്റണി, മുത്തുകുമാര്‍, വിജയ് എന്നിവരാണ് അറസ്റ്റിലായത്.
അക്രമിസംഘത്തിലെ കൂടുതല്‍ പേരെ കണ്ടെത്താനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് വടിവാളും ആയുധങ്ങളുമായി ഏഴംഗസംഘമെത്തി പഞ്ചായത്ത് ഓഫിസിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ചിന്നക്കനാല്‍ വില്ലേജ് ഓഫിസിനു സമീപം രാജന്‍ നിര്‍മിക്കുന്ന കെട്ടിടത്തിനു പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. കെട്ടിടം പൊളിക്കാന്‍ സബ് കലക്ടര്‍ തിങ്കളാഴ്ച ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമണത്തിന് കാരണമായതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.
അംഗപരിമിതനായ പഞ്ചായത്ത് സെക്രട്ടറി ടി രഞ്ജന്‍, അക്കൗണ്ടന്റ് ശ്രീകുമാര്‍, ജീവനക്കാരായ രാമന്‍, മനു, സുമേഷ് എന്നിവരെയാണ് പരിക്കുകളോടെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ കൈയും കാലുമാണ് അക്രമികള്‍ തല്ലിയൊടിച്ചത്. പഞ്ചായത്ത് ഓഫിസിനോടു ചേര്‍ന്നുള്ള മുറിയിലാണ് ജീവനക്കാര്‍ താമസിക്കുന്നത്. രാത്രിയില്‍ ഓഫിസ് തല്ലിത്തകര്‍ക്കുന്ന ബഹളം കേട്ടെത്തിയ ജീവനക്കാരെയും സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സെക്രട്ടറി രഞ്ജന്‍ പറഞ്ഞു.