ഇടുക്കിയിലെ മഴക്കെടുതി: മേരിക്കുളം നിരപ്പേല്‍ക്കട, തോണിത്തടി പാലങ്ങള്‍ അപകടാവസ്ഥയില്‍; വീടുകള്‍ക്കും മണ്ണിടിഞ്ഞ് നാശനഷ്ടം

കട്ടപ്പന- കോട്ടയം റൂട്ടില്‍ മേരിക്കുളം തോണിതടി പാലത്തില്‍ വെള്ളം കയറി റോഡിന്റെ വലതുവശത്ത് കരിങ്കല്‍കെട്ട് ഇടിഞ്ഞു റോഡിന് അപകടഭീഷണി ഉയര്‍ത്തുന്നു.

Update: 2020-08-07 15:21 GMT
ഇടുക്കിയിലെ മഴക്കെടുതി: മേരിക്കുളം നിരപ്പേല്‍ക്കട, തോണിത്തടി പാലങ്ങള്‍ അപകടാവസ്ഥയില്‍; വീടുകള്‍ക്കും മണ്ണിടിഞ്ഞ് നാശനഷ്ടം

ഇടുക്കി: കനത്ത മഴയില്‍ മേരിക്കുളം നിരപ്പേല്‍ക്കട പാലവും തോണിത്തടി പാലവും വശങ്ങളിടിഞ്ഞ് അപകടാവസ്ഥയിലായി. മേരിക്കുളം- ആനവിലാസം- കുമളി റൂട്ടില്‍ മേരിക്കുളം ജങ്ഷനില്‍നിന്നും രണ്ടുകിലോമീറ്റര്‍ മാറി നിരപ്പേല്‍ക്കട പാലത്തോടു ചേര്‍ന്നുള്ള റോഡിന്റെ ഒരുഭാഗം പൂര്‍ണമായി ഇടിഞ്ഞുതാണു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇ എസ് ബിജിമോള്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു.

കട്ടപ്പന- കോട്ടയം റൂട്ടില്‍ മേരിക്കുളം തോണിതടി പാലത്തില്‍ വെള്ളം കയറി റോഡിന്റെ വലതുവശത്ത് കരിങ്കല്‍കെട്ട് ഇടിഞ്ഞു റോഡിന് അപകടഭീഷണി ഉയര്‍ത്തുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങള്‍ക്കും, പ്രദേശത്തെ കൃഷിയ്ക്കും നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് മേരിക്കുളം മേഖലയില്‍ നാശനഷ്ടമുണ്ടായത്.

മുകള്‍ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ശക്തമായ വെള്ളമെത്തിയതാണ് പാലം തകരാനും നാശനഷ്ടങ്ങള്‍ക്കും കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. തോണിത്തടി പാലത്തിനു സമീപം താമസിക്കുന്ന മാങ്കൂട്ടത്തില്‍ എം എന്‍ മോഹനന്‍, പുത്തന്‍പറമ്പില്‍ പി കെ ശശി തുടങ്ങിയവരുടെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയില്‍തന്നെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തധികൃതരും വില്ലേജധികൃതരുമെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. 

Tags:    

Similar News