ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു; ഭാഷയുടെയും ദേശത്തിന്റെയും ബഹുസ്വരത ഭീഷണിയിലെന്ന് മുഖ്യമന്ത്രി
സമൂഹത്തിന്റെ ബഹുസ്വരതയെയും ജനങ്ങളുടെ ജീവിതവൈവിധ്യത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ശിഥിലമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയും.
തിരുവനന്തപുരം: രാജ്യത്ത് ഭാഷയുടെയും ദേശത്തിന്റെയും ബഹുസ്വരത ഭീഷണിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുഭാഷ, ഒരു ദേശമെന്ന തരത്തിലേക്ക് ബഹുസാംസ്‌കാരിക സമൂഹങ്ങളെ മാറ്റിയെടുക്കുന്ന നടപടികളുടെ പരീക്ഷണശാലയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 24ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ബഹുസ്വരതയെയും ജനങ്ങളുടെ ജീവിതവൈവിധ്യത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ശിഥിലമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയും.
സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു രാഷ്ട്രീയത്തിന് ആധിപത്യമുണ്ടായാല്‍ ആ കലാരൂപത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹജീവികളുടെ പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും ഐക്യപ്പെടാനുള്ള മാധ്യമമാണ് സിനിമ. ഏകാധിപത്യ, ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും അതുവഴി വിശ്വമാനവികതയുടെ സന്ദേശത്തോട് ഐക്യപ്പെടാനും സിനിമയെന്ന കലാരൂപത്തിലൂടെ സാധിക്കും. മൂന്നാംലോക രാജ്യങ്ങളിലെ സിനിമകള്‍ അത് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമഗ്രാധിപത്യസ്വഭാവമുള്ള രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാക്കി സിനിമയെയും ചലച്ചിത്രമേളകളെയും മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായിരുന്നു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ ചലച്ചിത്രതാരം ശാരദയെ ആദരിച്ചു. മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകത്തിന്റെ ആദ്യഭാഗം മുഖ്യമന്ത്രി കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണിന് നല്‍കി പ്രകാശനം ചെയ്തു. മേയര്‍ കെ ശ്രീകുമാര്‍, വി കെ പ്രശാന്ത് എംഎല്‍എ, ജൂറി ചെയര്‍മാന്‍ ഖെയ്‌റി ബെഷാറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സന്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.